കോട്ടയം: കോട്ടയം സീറ്റില്‍ ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് അന്തിമ തീരുമാനത്തിലെത്താതെ കേരളാ കോണ്‍ഗ്രസ് (എം). കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ ഭിന്നത തിരിച്ചടിയാകുകയാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്.

പി.ജെ.ജോസഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നും ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, എംഎല്‍എമാര്‍ മത്സരിക്കേണ്ട എന്ന നിലപാട് പരസ്യപ്പെടുത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ ഘടകം. എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്നും വിജയസാധ്യതയുള്ള മറ്റ് നേതാക്കളുണ്ടെന്നും ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുറന്നടിച്ചു.

കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം പാര്‍ട്ടി നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, സിറ്റിങ് സീറ്റായ കോട്ടയത്ത് ആര് മത്സരിക്കും എന്നതിനെ ചൊല്ലി ഭിന്നതകളുണ്ടായിരുന്നു. ജോസഫിനെതിരെ മാണി വിഭാഗം രംഗത്തുവന്നിരുന്നെങ്കിലും ഒടുവില്‍ ജോസഫിന് അനുകൂലമായ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. എന്നാല്‍ അതിനിടയിലാണ് കോട്ടയം ജില്ലാ ഘടകം ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അതൃപ്തി പരസ്യപ്പെടുത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.