scorecardresearch
Latest News

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ മാനേജിങ് ഡയരക്ടർ

സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ബെഹ്റ ഈ വർഷം ജൂണിലാണ് സ്ഥാനമൊഴിഞ്ഞത്

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ മാനേജിങ് ഡയരക്ടർ

കൊച്ചി: കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസ്സിനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ബെഹ്റ ഈ വർഷം ജൂണിലാണ് സ്ഥാനമൊഴിഞ്ഞത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഈ വർഷം ജൂൺ വരെ ലോക്നാഥ് ബെഹ്റയായിരുന്നു സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നത്. അഞ്ച് വര്‍ഷം ഒരു സര്‍ക്കാരിനൊപ്പം ഈ സ്ഥാനത്ത് തുടരുന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനെ നേട്ടവുമായാണ് ബഹ്റ പടിയിറങ്ങിയത്.

അതേസമയം സംസ്ഥാനത്തെ സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. എല്‍എആര്‍ആര്‍ ആക്ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.

Read More: കോവിഡ് അതിജീവനം: ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റി-സര്‍വ്വെ പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റി-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി.

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റല്‍ റി-സര്‍വ്വേ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ, സര്‍വ്വെ, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും. ഡിജിറ്റല്‍ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ആവശ്യമായ തരത്തില്‍ ഐ.ടി. സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.

ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

ഇതിനായി ഏഴ് തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് ധനകാര്യവകുപ്പില്‍ അനോമിലി റെക്ടിഫിക്കേഷന്‍ സെല്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

2018 ലെ കാലവര്‍ഷക്കെടുതി, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം കൃഷിനാശം സംഭവിച്ചും, കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കടബാധ്യതകള്‍ ഉണ്ടായതിനെ തുടര്‍ന്നും ആത്മഹത്യ ചെയ്ത ജി. രാമകൃഷ്ണന്‍, വി.ഡി. ദിനേശ്കുമാര്‍, എങ്കിട്ടന്‍, എം.എം. രാമദാസ് എന്നിവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇവരുടെ പേരിലുള്ള ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കി നല്‍കാന്‍ അതാത് ബാങ്കുകളോട് ശുപാര്‍ശ നല്‍കാനും യോഗത്തിൽ തീരുമാനിച്ചതായും സർക്കാർ അറിയിച്ചു.

വിനോദയാത്രക്കിടെ നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട പ്രവീണ്‍ നായരുടെ മാതാപിതാക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി രഞ്ജിത്ത്-ഇന്ദുലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ മാധവ് രജ്ഞിത്തിന്റെ പഠനാവശ്യത്തിനായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Loknath behra kochi metro managing director