കോഴിക്കോട്: പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഓരോ വ്യക്തിക്കും അവരവരുടെ സ്വാതന്ത്രമുണ്ടന്നും മുടിയും താടിയും എങ്ങനെ നീട്ടണമെന്നും അവരവരുടെ സ്വാതന്ത്രമാണന്നും ഡിജിപി പറഞ്ഞു. കേരള പോലീസിൽ മോറൽ പോലീസിംഗ് ആവശ്യമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“മുടി നീട്ടിയാളുകളുടെ മുടി വെട്ടിക്കുകയെന്നത് കേരള പോലീസിന്റെ പണിയല്ല. ഇത്തരത്തിൽ ചില ആളുകള്‍ നമ്മുക്കിടയിൽ ഉണ്ടന്നും അത്തരക്കാർ കേരള പോലീസിന് ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു.
മുടി നീട്ടി, നിറം കൊടുത്തു, സ്വതന്ത്രമായി ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഇടപെട്ടു എന്നുമാരോപിച്ചുകൊണ്ടാണ് പത്തൊമ്പതുകാരനായ വിനായകന് എന്ന ദളിത് യുവാവിനെ തൃശൂര്‍ പാറവട്ടി പൊലീസ് പിടിച്ചുകൊണ്ടുപോവുന്നതും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും.
നാട്ടിലും വീട്ടിലും അപമാനിതനായ വിനായകന് തൊട്ടടുത്തദിവസംതന്നെ ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഫ്രീക്കന്മാരെ മാത്രമല്ല, വ്യത്യസ്തമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളും ട്രാന്സ്ജെന്ഡര്സും ഇത്തരത്തില്‍ കേരളാപൊലീസില്‍ നിന്നും പലതരത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.