/indian-express-malayalam/media/media_files/uploads/2017/02/loknath-behera.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വഴിത്തിരിവിനും നടന്റെ അറസ്റ്റിനും പിന്നില്‍ കൂട്ടായ പ്രവര്‍ത്തനമാണെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസുമായി ബന്ധപ്പെട്ട് നിരവധി ആള്‍ക്കാരില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി ബി സന്ധ്യ, ദിനേന്ദ്ര കശ്യപ്പ്, എറണാകുളം റൂറല്‍ ഡിസിപി എവി ജോര്‍ജ്ജ്, ക്രൈംബ്രാഞ്ച് എസ്പി കെഎസ് സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നീ ഉദ്യോഗസ്ഥരുടെ കൂട്ടായ മികവുറ്റ അന്വേഷണമാണ് കേസിലെ നിര്‍ണായക പുരോഗതിക്ക് സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
"കേസില്‍ അന്വേഷണ സംഘത്തിലെ ഓരോ അംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടേ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അന്വേഷണത്തില്‍ പിന്തുണയും പ്രോത്സാഹനവും നല്കിയ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ബെഹ്റ കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട ദിലീപിനെതിരെ പൊലീസ് ചുമത്തിയത് പത്ത് വകുപ്പുകളാണ്. കൂട്ടമാനഭംഗവും ഗൂഢാലോചനയും ഉൾപ്പടെ നിരവധി ഗുരുതരമായ വകുപ്പുകളാണ് നടനെതിരെ അന്വേഷണ സംഘം ചുമത്തിയതായി റിമാന്റ് റിപ്പോർട്ടിൽ നിന്ന് വ്യക്തമായത്.
ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് വകുപ്പ് 120(ബി)യാണ് ഇതിൽ ഏറ്റവും ഗുരുതരമായ കുറ്റം. ക്രിമിനൽ ഗൂഢാലോചന. 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണിത്. മറ്റ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റകൃത്യത്തിൽ തുല്യപങ്കാണ് ഇതോടെ കേസിൽ പതിനൊന്നാം പ്രതിയായ നടൻ ദിലീപിനും ഉള്ളതെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ കോടതിയിൽ ഗൂഢാലോചന കേസിലെ ദിലീപിന്റെ പങ്ക് തെളിയിക്കാനായാൽ മാത്രമേ മറ്റ് കുറ്റൃത്യങ്ങൾ തെളിയിക്കാനാവൂ എന്നതാണ് യഥാർത്ഥ വസ്തുത. ഗൂഢാലോചന കോടതിയിൽ തെളിയിക്കാൻ പൊലീസിന് സാധിച്ചില്ലെങ്കിൽ കുറ്റകൃത്യത്തിൽ നിന്ന് സംശയത്തിന്റെ ആനുകൂല്യത്തിൽ ദിലീപിനെ നിരപരാധിയായി പ്രഖ്യാപിച്ചേക്കും.
വകുപ്പ് 376(ഡി) പ്രകാരം 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗ കുറ്റവും നടനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പങ്കുമായി ബന്ധപ്പെട്ട് 366 വകുപ്പും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 201 വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ കേസിൽ പത്ത് വർഷം വരെയും തെളിവു നശിപ്പിച്ചതിലെ പങ്കിന് മൂന്ന് മുതൽ ഏഴ് വർഷം വരെയും തടവ് ലഭിച്ചേക്കാം.
കുറ്റകൃത്യത്തിന്റെ യഥാർത്ഥ തെളിവ് കൈവശം വയ്ക്കുന്നതിന് 411 വകുപ്പും, പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിന് 212ാം വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 506 ഉം, ഒരാളെ അന്യായമായി തടഞ്ഞുവച്ച സംഭവത്തിൽ 342ാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്യും.
ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രകാരം സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുത്തതിനും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനും ദിലീപിനെതിരെ കേസ് എടുത്തിട്ടുണ്ട്. രണ്ട് വകുപ്പിലുമായി മൂന്ന് മുതൽ അഞ്ച് വർഷം വരെ ശിക്ഷയും രണ്ട് മുതൽ പത്ത് ലക്ഷം വരെ പിഴയും നൽകേണ്ടി വരും. കേസിന് പിന്നിലെ ഗൂഢാലോചനയിൽ നടന് പങ്കുണ്ടെന്ന് വ്യക്തമായാൽ ഈ കേസുകളെല്ലാം ഇദ്ദേഹത്തിന് എതിരെ തിരിഞ്ഞ് കുത്തും. ഇങ്ങിനെ വന്നാൽ ദീർഘകാലം ജയിൽശിക്ഷ അനുഭവിക്കേണ്ട സാഹചര്യം ദിലീപിന് ഉണ്ടാകും
Read More : ദിലീപ് ജയിലിൽ, മഞ്ജു വിദേശത്ത്; അറസ്റ്റിൽ പ്രതികരിക്കാതെ മഞ്ജു വാര്യര്‍ യുഎഇയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.