scorecardresearch
Latest News

‘പേപ്പട്ടി’ പരാമർശത്തിൽ വിശദീകരണവുമായി ലോകായുക്ത; അസാധാരണ നടപടി

മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനും ലോകായുക്ത പത്രക്കുറിപ്പിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്

Kerala, Kerala Lokayukta, Pinarayi Vijayan, Kerala CM, Lokayukta case against Pinarayi Vijayan, First Pinarayi Vijayan government, Kerala news,

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിലെ ഭിന്നവിധിയിൽ വിശദീകരണവുമായി ലോകായുക്ത. ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിനെ ‘പേപ്പട്ടി’ എന്നു വിളിച്ചെന്ന ആരോപണത്തിനും പത്രക്കുറിപ്പിലൂടെ ലോകായുക്ത വിശദീകരണം നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ലോകായുക്ത ഒരു വിഷയം വിശദീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കുന്നത്.

ഹർജിക്കാരനെ പേപ്പട്ടിയെന്നു വിളിച്ചതായി ആരോപിക്കുന്നത് നിയമപ്രശ്നത്തിൽനിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്ന് വിമർശിച്ച ലോകായുക്ത, പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചിട്ടില്ലെന്നും അത് പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേർന്ന് ആ തൊപ്പി അണിയിച്ചതാണെന്നും പറയുന്നു.

കോടതിയിൽ കേസ് നടക്കുമ്പോൾ പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും പറയുന്നു. വഴിയിൽ പേപ്പട്ടി നിൽക്കുന്നതു കണ്ടാൽ അതിന്റെ വായിൽ കോലിടാൻ നിൽക്കാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ആശയം വിശദമാക്കാൻ ഒരു ഉദാഹരണം പറഞ്ഞതിനെ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചെന്നു വരുത്തി തീർക്കുന്നത് നിയമപ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണെന്നും ലോകായുക്ത വ്യക്തമാക്കി.

പിണറായി വിജയൻ നടത്തിയ ഇഫ്താറിൽ അല്ല കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ വിരുന്നിലാണ് പങ്കെടുത്തത്. മുഖ്യമന്ത്രിയുമായി സ്വകാര്യസംഭാഷണം നടത്തിയെന്ന ആരോപണവും ലോകായുക്ത നിഷേധിച്ചു. ലോകായുക്തയ്ക്കൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ചെയർമാൻ, പിന്നാക്ക വിഭാഗ കമ്മിഷൻ എന്നീ മുൻ ജഡ്ജിമാരും ഇഫ്താറിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വിശിഷ്ടാഥിതികളായി ക്ഷണം ലഭിച്ചതുകൊണ്ടാണ് പങ്കെടുത്തതെന്നാണ് വിശദീകരണം.

വിരുന്നിൽ പങ്കെടുത്താൽ സർക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാർ എന്ന ചിന്ത അധമവും സംസ്കാര രഹിതവുമാണ്. ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഭിന്നവിധിയിലും ലോകായുക്താ വിശദീകരണം നൽകുന്നു. ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ലെന്നും വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ലെന്നും പറയുന്നു. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നും വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lokayukthas explanation press release on controversies