scorecardresearch
Latest News

പിണറായി ലോകായുക്തയുടെ ശവമടക്ക് നടത്തി: കെ സുധാകരന്‍

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്തയുടെ ഭിന്നവിധിക്ക് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം

Lokayuktha, Sudhakaran-Pinarayi

തിരുവനന്തപുരം: അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച പിണറായി വിജയനും കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞു. അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ചു പുറത്തുപോകണം,” സുധാകരന്‍ ആവശ്യപ്പെട്ടു.

“മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്. ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019-ല്‍ ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണ്,” സുധാകരന്‍ വ്യക്തമാക്കി.

“ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 2022-ല്‍ പൂര്‍ത്തിയായ ഹീയറിങ്ങിന്റെ വിധി ഒരു വര്‍ഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. ഹൈക്കോടതി മൂന്നാം തീയതി കേസ് പരിഗണിക്കുന്നു എന്നതിനാല്‍ മാത്രമാണ് ഇങ്ങനെയെങ്കിലും ഒരു വിധി പുറപ്പെടുവിച്ചത്,” അദ്ദേഹം പറഞ്ഞു.

“35 വര്‍ഷമായി ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ അസാമാന്യ വൈഭവം കാണിച്ച പിണറായി വിജയന്‍ അഞ്ച് വര്‍ഷമായി ദുരിതാശ്വാസ കേസും നീട്ടിക്കൊണ്ടു പോകുകയാണ്. കേരളത്തിലെ ജനങ്ങള്‍ നീതിക്കായി മുട്ടിവിളിക്കുന്ന ഏക ജാലകമാണ് പിണറായിക്കുവേണ്ടി കൊട്ടിയടച്ചതെന്ന് ലോകായുക്ത മറക്കരുത്,” സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lokayuktha verdict on cmdrf k sudhakaran slams pinarayi vijayan