തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവ് ഭീഷണിപ്പെടുത്തി നേടിയതാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
“ഭീഷണിപ്പെടുത്തിയാൽ വഴങ്ങുന്നവരെ ജഡ്ജി എന്നു വിളിക്കാൻ പറ്റുമോയെന്ന് ഗോവിന്ദന്‍ ചോദിച്ചു. ലോകായുക്ത വിധിയില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. ഹര്‍ജി മൂന്നംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ഉത്തരവ്, പരിഗണിക്കട്ടെ,” എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്തയുടേത് വിചിത്രവിധിയെന്ന് സതീശന്‍ പ്രതികരിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്നതാണ് വിധിയെന്നും സതീശന്‍ വ്യക്തമാക്കി.
കേസില്‍ വിധി പറയാന്‍ ഒരു വര്‍ഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതില്‍ അവ്യക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കില്‍ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയം. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സതീശന്‍ ആരോപിച്ചു.
അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച പിണറായി വിജയനും കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
“ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞു. അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ചു പുറത്തുപോകണം,” സുധാകരന്‍ ആവശ്യപ്പെട്ടു.