തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും കത്ത് നല്കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27 ന് യുഡിഎഫ് പ്രതിനിധി സംഘം നല്കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
പൊതുപ്രവര്‍ത്തകനോട് ക്വോ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. കെ.സി. ചാണ്ടിയും ആര് ബാലകൃഷ്ണപിള്ളയും തമ്മിലുള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ വാദമുന്നയിക്കുന്നത്. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി ബി. ആര്. കപൂറും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള കേസില്‍ ക്വോ വാറന്റോ റിട്ടിലൂടെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വോ വാറന്റോ റിട്ടിലൂടെ പൊതുപ്രവര്‍ത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികള്‍ക്കും ബാധകമാണെന്നും സതീശന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്ന കെ.സി. ചാണ്ടിയും ആര് ബാലകൃഷ്ണപിള്ളയും തമ്മിലുള്ള കേസില്‍ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തില്‍ ക്വോ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ. ടി. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വിശദീകരിക്കുന്നു.
Also Read: രാജ്യത്ത് മൂന്നാം തരംഗം ശമിക്കുന്നതായി സൂചന; ആശങ്കയായി കേരളവും മിസോറാമും