scorecardresearch

‘ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു’; വിവാദങ്ങളില്‍ പ്രതികരണവുമായി ലോകായുക്ത

രാഷ്ട്രീയക്കാരും മാധ്യമങ്ങളും പറയുന്നതില്‍ മറുപടി നല്‍കേണ്ടതില്ലെന്നും ലോകായുക്ത വ്യക്തമാക്കി

Lokayuktha, Ordinance, Kerala News

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണവുമായി ലോകായുക്ത. “ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും, സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ട്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതില്‍ മറുപടി പറയേണ്ടതില്ല. അനാവശ്യ ചര്‍ച്ചകളിലേക്ക് പോകേണ്ടതില്ല,” ഹിയറിങ്ങിനിടെയായിരുന്നു ലോകായുക്തയുടെ പ്രതികരണം.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ വിശദീകരണം നടത്തിയിരുന്നു. “മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ഓര്‍ഡിനന്‍സ് ഒപ്പിട്ടത് ഭരണഘടനാപരമായ ചുമതലയാണ്. നിയമവിരുദ്ധമായതൊന്നും ഓര്‍ഡിനന്‍സില്‍ കാണാന്‍ കഴിഞ്ഞില്ല” ഗവര്‍ണര്‍ വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. വിദേശയാത്രയ്ക്ക് ശേഷം സംസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിതിന് പിന്നാലെയായിരുന്നു നടപടി.

ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഭേദഗതി വരുത്തുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ എ ജിയുടെ നിയമോപദേശമുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ വിശദീകരണം നടത്തിയിരുന്നു. ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നായിരുന്നു നിയമ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നത്.

1999 ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി പറഞ്ഞാല്‍ അത് അംഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ്. ലോകായുക്തയുടെ ഈ അധികാരമാണ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ നഷ്ടമായിരിക്കുന്നത്.

Also Read: മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ബാധ്യസ്ഥന്‍: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lokayuktha on controversies regarding new ordinance