പാവറട്ടി പൊലീസ് മർദ്ദിച്ചുവെന്ന ആരോപണമുയർന്ന വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക് ലോകായുക്തയുടെ സമൻസ്. വിനായകന് മർദ്ദനമേറ്റെന്ന് ആരോപണമുയർത്തിയ സുഹൃത്ത് ശരത്തിനും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. വിനായകന്റെ അച്ഛൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട പൊലീസ് രേഖകൾ മുഴുവൻ ഹാജരാക്കാൻ ലോകായുക്ത പൊലീസിനോട് ആവശ്യപ്പെട്ടു. വിനായകന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ വാടാനപ്പള്ളി എസ്ഐയുടെ കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു.

Read More: വിനായകന്റെ ശരീരത്തിൽ നിരവധി മുറിവുകൾ; വ്യക്തതയില്ലാതെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഡോക്ടർമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർ ഔദ്യോഗിക കൃത്യവിലോപം നടത്തിയതായാണ് വിനായകന്റെ അച്ഛന്റെ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പോസ്റ്റുമോർട്ടം ചെയ്ത തൃശ്ശൂർ മെഡിക്കൽ കോളേജിലെ പൊലീസ് സർജനും അസിസ്റ്റന്റ് പൊലീസ് സർജനും നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തത കുറവുണ്ടായിരുന്നു. മരണത്തിന് മുൻപ് ശരീരത്തിൽ കണ്ടെത്തിയ മുറിവുകളുടെ കാലപ്പഴക്കം അടക്കം യാതൊന്നും വിശദമാക്കിയിരുന്നില്ല. അസ്വാഭാവിക മുറിവുകൾ കണ്ടെത്തിയിട്ടും മരണകാരണം തൂങ്ങിമരണമാണമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ റിപ്പോർട്ടിൽ എഴുതിയിരുന്നു.

Read More: വിനായകന്റെ മരണം; പഴുതുകൾ നീതിക്ക് വിലങ്ങിടുമോ?

തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയും പൊലീസ് സർജനുമായ ഡോ.എൻഎ ബൽറാം, ഫോറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും അസിസ്റ്റന്റ് പൊലീസ് സർജനുമായ ഡോ.കെ.ബി.രാഖിൻ എന്നിവരാണ് പോസ്റ്റുമോർട്ടം നടത്തിയത്.

സംഭവത്തിൽ തൃശ്ശൂർ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ വിനായകന്റെ സുഹൃത്ത് ശരത്ത്, തനിക്കും വിനായകനും പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് മൊഴി നൽകിയിട്ടുണ്ട്. വിനായകന് മർദ്ദനമേറ്റതിന്റെ വിശദമായ മൊഴിയാണ് ശരത് ക്രൈം ബ്രാഞ്ചിന് നൽകിയിരിക്കുന്നതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ