തിരുവനന്തപുരം:കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പിപിഇ കിറ്റ് അടക്കമുള്ളവ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് ഫയലില്‍ സ്വീകരിച്ചത്.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ആരോപണം. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം.
കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ് നായരുടെ ഹര്‍ജിയിലാണ് നടപടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ്, ഗ്ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് ഇവ നല്കാന് തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം.