തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ കെടി ജലീല്‍ എംഎല്‍എയുടെ നിലപാടിനെ തള്ളി സിപിഎം. ജലീലിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ജലീല്‍ പാര്‍ട്ടി അംഗമല്ല. ഇപ്പോഴും സ്വതന്ത്രനാണ്. അഭിപ്രായം പറയാന്‍ ജലീലിനു സ്വാതന്ത്ര്യമുണ്ട. സിപിഎമ്മിന്റെ അഭിപ്രായമല്ല ജലീല്‍ പറയുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഇടതു പാര്‍ട്ടികളും മറ്റു പാര്‍ട്ടികളും വ്യക്തികളും ഉള്‍പ്പെട്ട മുന്നണിയാണ് എല്‍ഡിഎഫ്. അതില്‍ ചിലര്‍ ചിലപ്പോള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചേക്കാം. അതു സിപിഎമ്മിന്റെ അഭിപ്രായമല്ല. ജലീല്‍ സിപിഎം അംഗമല്ല, സ്വതന്ത്രനാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ടാണ് അവര്‍ സ്വതന്ത്രരായി നില്‍ക്കുന്നത്.
ലോകായുക്തക്കെതിരെ സിപിഎം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ല. ജലീലിന്റെ ബന്ധുനിയമന കേസില്‍ വിധി വന്നപ്പോഴും ആരോപണം ഉന്നയിച്ചിട്ടില്ല. ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. മന്ത്രി ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്ത വിധിയിലൂടെ വ്യക്തമായി. വിധി സ്വാഗതാര്‍ഹമാണ്.
Read More: കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി
ലോകായുക്തയുടെ മുന്നില്‍ വരുന്ന ഒരു വിഷയവും തടയുന്ന നീക്കം പുതിയ ഭേദഗതിയില്‍ ഇല്ല. ഓര്‍ഡിനന്‍സ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സിപിഐയുമായി ചര്‍ച്ച നടത്തി പരിഹാരം കാണും. എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടത്തി മുന്നോട്ടുപോകുന്ന പാര്‍ട്ടികളാണ് സിപിഎമ്മും സിപിഐയും. പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കിടയിലുമില്ല. എല്‍ഡിഎഫിലെ തര്‍ക്കങ്ങള്‍ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചര്‍ച്ച ചെയ്യും.
ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ ചര്‍ച്ച ചെയ്തപ്പോള്‍ ഒരു ഘടകകക്ഷിയും എതിര്‍ത്തില്ല. വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരുമായി ഒരു തര്‍ക്കവുമില്ല. ഓര്‍ഡിനന്‍സ് ഒപ്പിടാത്തതു കൊണ്ടല്ല നിയമസഭാ സമ്മേളനം നിശ്ചയിക്കാത്തത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ്.
സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് സിപിഐ ആശങ്ക പറഞ്ഞിട്ടില്ല. പദ്ധതി സംബന്ധിച്ച ആശങ്ക അകറ്റണമാണെന്നാണ് പറഞ്ഞതെന്നും കോടിയേരി പറഞ്ഞു.