തിരുവനന്തപുരം: ലോക കേരള സഭയ്ക്ക് ഭക്ഷണം ഒരുക്കിയതിന് ചെലവായ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. പണം ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ വിവാദം അനാവശ്യമെന്ന് ആർ.പി.ഗ്രൂപ്പ് ചെയർമാൻ രവി പിളള പറഞ്ഞു. ഭക്ഷണത്തിനു ചെലവായ 60 ലക്ഷത്തോളം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്നു വയ്ക്കുന്നത്.

ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് രണ്ടാം ലോക കേരളസഭാ നടന്നത്. ഭരണപക്ഷത്തുനിന്നുളള നിയമസഭാ, ലോക്‌സഭാ അംഗങ്ങൾക്കുപുറമേ 178 പ്രവാസി പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുത്തത്. സമ്മേളത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ഒരുക്കാൻ ഇവന്റ് മാനേജ്മെന്റിനെയാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അവസാന നിമിഷം അവർ പിന്മാറിയതോടെ കോവളം റാവിസ് ഹോട്ടലിനെ ഭക്ഷണവിതരണച്ചുമതല ഏൽപ്പിക്കുകയായിരുന്നു.

Read Also: തിരൂരിലെ ആറു കുട്ടികളുടെ മരണം: ജനിതക രോഗമെന്ന് സംശയിക്കുന്നതായി ഡോക്ടർ

ലോക കേരള സഭയുടെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി അഭിപ്രായപ്പെട്ടിരുന്നു. ”പ്രവാസികളുടെ ഉന്നമനത്തിനാണ് ലോക കേരള സഭ ചേരുന്നത്. പ്രവാസികൾ അവിടെ ചെന്ന് ഭക്ഷണം കഴിച്ചു. അതിന്റെ പേരിലൊരു വിവാദം. ഞങ്ങളാരും ഇവിടെ പട്ടിണി കിടക്കുന്നവരല്ലല്ലോ. അതിൽ പങ്കെടുത്ത ആരും, ലോകത്തിന്റെ ഏതുഭാഗത്ത് നിന്നുള്ള ആൾക്കാരും ഭക്ഷണം കഴിക്കാതെ വരുന്നവരല്ല. അവര്‍ ഭക്ഷണം കഴിച്ചതിന് ഇത്രയും കാശ് എന്നൊക്കെയുള്ള അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് പ്രവാസികളോടുള്ള അവഹേളനമാണ്” യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണ-താമസ ചെലവുകളുടെ കണക്കുകൾ പുറത്തുവന്നതോടെയാണ് വിവാദമായത്. താമസത്തിനും ഭക്ഷണത്തിനും മാത്രം ചെലവാക്കിയത് ഒരു കോടിയോളം രൂപയാണ്. ഭക്ഷണത്തിനു ചെലവായത് 60 ലക്ഷത്തോളം ( 59,82,600) രൂപ. താമസത്തിന് ചെലവായത് 23,42,725 രൂപ. ഒരാൾക്ക് ഒരു നേരത്തെ ഉച്ചഭക്ഷണത്തിന് 2000 രൂപയാണു ചെലവ്. രാത്രി ഭക്ഷണത്തിന് 1700 രൂപയും നികുതിയും പ്രഭാത ഭക്ഷണത്തിന് 550 രൂപയും നികുതിയും ചെലവായി. ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ ഭക്ഷണത്തിനായി മൊത്തം 4,56,324 രൂപ ചെലവായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.