തിരുവനന്തപുരം: രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണ-താമസ ചെലവുകളുടെ കണക്കുകൾ പുറത്തുവന്നു. താമസത്തിനും ഭക്ഷണത്തിനും മാത്രം ചെലവാക്കിയത് ഒരു കോടിയോളം രൂപയാണ്. ഭക്ഷണത്തിനു ചെലവായത് 60 ലക്ഷത്തോളം ( 59,82,600) രൂപ. താമസത്തിന് ചെലവായത് 23,42,725 രൂപ.

ഒരാൾക്ക് ഒരു നേരത്തെ ഉച്ചഭക്ഷണത്തിന് 2000 രൂപയാണു ചെലവ്. രാത്രി ഭക്ഷണത്തിന് 1700 രൂപയും നികുതിയും പ്രഭാത ഭക്ഷണത്തിന് 550 രൂപയും നികുതിയും ചെലവായി. ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ ഭക്ഷണത്തിനായി മൊത്തം 4,56,324 രൂപ ചെലവായി.

ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് രണ്ടാം ലോക കേരളസഭാ നടന്നത്. ഭരണപക്ഷത്തുനിന്നുളള നിയമസഭാ, ലോക്‌സഭാ അംഗങ്ങൾക്കുപുറമേ 178 പ്രവാസി പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുത്തത്. ഗസ്റ്റ് ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴു ഹോട്ടലുകളിലാണ് പ്രതിനിധികൾക്കായി മുറിയെടുത്തത്. ചില പ്രതിനിധികൾ നേരത്തെവന്നതും ചിലർ വൈകി പോയതും ഹോട്ടൽ ബിൽ ഉയരാൻ കാരണമായി.

Read Also: ലോക കേരള സഭ രണ്ടാം സമ്മേളന ചിത്രങ്ങൾ

സമ്മേളത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ഒരുക്കാൻ ഇവന്റ് മാനേജ്മെന്റിനെയാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അവസാന നിമിഷം അവർ പിന്മാറിയതോടെ കോവളം റാവിസ് ഹോട്ടലിനെ ഭക്ഷണവിതരണച്ചുമതല ഏൽപ്പിക്കുകയായിരുന്നു. ലോക കേരളസഭ ധൂർത്താണെന്നാരോപിച്ച് പ്രതിപക്ഷം വിട്ടുനിന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.