തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടതുമുന്നണിക്കുള്ളില്‍ അതൃപ്തി. ആകെയുള്ള 20 സീറ്റുകളില്‍ 16 ഇടത്ത് സിപിഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. ജെഡിഎസിനും എല്‍ജെഡിക്കും സീറ്റില്ല. സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി ഇരു പാര്‍ട്ടികളും തലസ്ഥാനത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ പരസ്യമാക്കി. എന്നാല്‍, മുന്നണി ബന്ധത്തെ കരുതി തീരുമാനം അംഗീകരിക്കുന്നുവെന്ന് ഇരു കക്ഷികളും മുന്നണി യോഗത്തിനുശേഷം പ്രതികരിച്ചു.

മറ്റ് മുന്നണികള്‍ സീറ്റ് വേണ്ട എന്ന നിലപാട് മുന്‍പേ സ്വീകരിച്ചിരുന്നു. എന്നാല്‍, എല്‍ജെഡിയും ജെഡിഎസും സീറ്റിനായി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സിപിഎം കര്‍ക്കശമായ നിലപാടെടുക്കുകയായിരുന്നു. വടകര സീറ്റിലാണ് എല്‍ജെഡിക്ക് നോട്ടമുണ്ടായിരുന്നത്. കോട്ടയം സീറ്റായിരുന്നു ജെഡിഎസ് ലക്ഷ്യം വച്ചിരുന്നത്. നാളെയാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെയായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുന്നണിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കും. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് മുന്നണി ചെയ്യുക. സീറ്റുവിഭജനം കൂട്ടായി എടുത്ത തീരുമാനമാണെന്നും വിജയരാഘവന്‍ മുന്നണി യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് മുന്‍പുള്ള മണ്ഡലം കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കുമെന്നും 20 ന് മുന്‍പ് സംഘാടക സമിതികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.