തിരുവനന്തപുരം: പട്ടത്ത് വോട്ടിങ് മെഷീൻ തകരാറിലായെന്ന് പരാതി നൽകിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി എബിൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ടെസ്റ്റ് വോട്ടിൽ തകരാർ തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസെടുത്തത്. ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. താൻ വോട്ട് ചെയ്ത ചിഹ്നത്തിനല്ല വോട്ട് പതിഞ്ഞതെന്നായിരുന്നു എബിന്റെ പരാതി.
കോവളത്ത് വോട്ടിങ് മെഷീനിൽ തകരാറെന്ന് പരാതിപ്പെട്ടയാൾക്കെതിരെ കേസെടുക്കും. പോളിങ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പൊലീസ് കേസെടുക്കുക. ആരോപണം വ്യാജമെന്ന് പോളിങ് ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു.
Read: പത്തനംതിട്ടയില്‍ താമരയ്ക്ക് മാത്രം വോട്ട് വീഴുന്നില്ല; പരാതിയുമായി കെ.സുരേന്ദ്രന്
അതേസമയം, വോട്ടിങ് മെഷീനിൽ ക്രമക്കേട് ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കിൽ നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 177-ാം വകുപ്പ് പ്രകാരമാണ് കേസെടുക്കുക. പരാതിയിൽ ഉറച്ചുനിന്നാൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങാനും ആരോപണം തെറ്റെങ്കിൽ ഉടൻ പൊലീസിൽ ഏൽപിക്കാനും നിർദേശം നൽകി.
Lok Sabha Election Phase 3 Live Updates
സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. വോട്ടിങ് മെഷീനിലെ ഏതു ബട്ടണിൽ അമർത്തിയാലും ഒരു പാർട്ടിക്ക് മാത്രം ലൈറ്റ് തെളിയുന്നുവെന്ന ആരോപണമാണ് ഉയർന്നത്. എറണാകുളം ചൊവ്വരയിലെ 51-ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ ലൈറ്റ് തെളിയുന്നത് താമരയ്ക്കാണെന്നാണ് പരാതി ഉയർന്നത്. 76 പേർ വോട്ട് ചെയ്തശേഷം 77-ാമതായി വോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകനാണ് ഇത്തരമൊരു പരാതിയുമായി പ്രിസൈഡിങ് ഓഫീസറെ സമീപിച്ചത്. ആലപ്പുഴ ചേർത്തലയിലും ഇതേ പരാതി ഉയർന്നിരുന്നു.
ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. മേയ് 23 നാണ് വോട്ടെണ്ണൽ.