പാണക്കാട്: മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് കോൺഗ്രസ് ഉഭയകക്ഷി ചർച്ച രമ്യതയിലെത്താത്ത സാഹചര്യത്തിൽ ഇന്നത്തെ യോഗം മുന്നണിയിൽ നിർണായകമാകും.
മൂന്നാം സീറ്റെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

വെള്ളിയാഴ്ച നടന്ന കോൺഗ്രസ് ലീഗ് ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞതോടെ കോൺഗ്രസ് ലീഗിന് മുന്നിൽ ബദൽ നിർദേശങ്ങൾ വെക്കുകയായിരുന്നു. കോൺഗ്രസ് മുന്നോട്ടു വച്ച ബദൽ നിർദ്ദേശങ്ങളിൽ ഏത് സ്വീകരണിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നു കരുതുന്ന ഇന്നത്തെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം നിർണായകമാകും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്നലെ പാണക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം സീറ്റ് വിഷയം രമ്യമായി പരിഹരിക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല വ്യക്തമാക്കിയത്.

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ലീഗിനെ പരിഗണിക്കുക, നിയമസഭയിലേക്ക് മത്സരിക്കാൻ ലീഗിന് അധിക സീറ്റ് നൽകുക തുടങ്ങിയ കാര്യങ്ങൾ കോൺഗ്രസ് പകരമായി നിർദേശിച്ചുവെന്നാണ് സൂചന. കോൺഗ്രസ് വഴങ്ങാത്ത സാഹചര്യത്തിൽ ബദൽ നിർദ്ദേശങ്ങൾക്ക് മുൻപിൽ ലീഗിന് തൃപ്തിയടയേണ്ടിവരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ