ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അധിക്ഷേപം നടത്തിയ ഇടതു മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ എ.വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഇന്ന് രമ്യ ഹരിദാസിന്റെ മൊഴിയെടുക്കും.

Read: എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി

വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ.വിജയരാഘവന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം. നവോത്ഥാനം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനും വനിതാ മതിലിനും എല്ലാം വേണ്ടി നിലകൊള്ളുന്ന മുന്നണിയുമൊക്കെ ഉണ്ടായിട്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായതെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.

തെറ്റ് തെറ്റുതന്നെയാണെന്ന് പറയാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. എ.വിജയരാഘവനെ ന്യായീകരിച്ച ആലത്തൂരിലെ ഇടത് സ്ഥാനാർഥി പി.കെ.ബിജുവിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്നും രമ്യ ഹരിദാസ് പറഞ്ഞു. ആരായാലും എതിര്‍ സ്ഥാനാർഥിയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ കഴിയാത്തത് ഖേദകരമാണ്. ഇക്കാര്യം ആലത്തൂരിലെ ജനം വിലയിരുത്തണെമെന്നും രമ്യ ഹരിദാസ് പറഞ്ഞു. വിജയ രാഘവനെതിരെ സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറാവണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.