പത്തനംതിട്ട: കാത്തിരിപ്പിനൊടുവില്‍ പത്തനംതിട്ട ലോക്സഭാ സീറ്റിലെ പാര്‍ട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. പത്തനംതിട്ടയില്‍ പ്രധാന നേതാക്കളെ കണ്ട് സുരേന്ദ്രന്‍ പിന്തുണ തേടും. അടുത്ത ദിവസങ്ങളില്‍ വലിയ രീതിയിലുളള കണ്‍വെന്‍ഷന്‍ നടത്താനാണ് തീരുമാനം.

Read: പത്തനംതിട്ട ‘കയറാന്‍’ സുരേന്ദ്രന്‍ തന്നെ

ശബരിമല തന്നെയാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയമെന്ന് യുഡിഎഫും ബിജെപിയും ഒരു പോലെ വ്യക്തമാക്കുന്നു. ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിന്‍റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നതടക്കം കെ.സുരേന്ദ്രന് ഗുണകരമാവുമെന്നാണ് ബിജെപി കരുതുന്നത്. സ്ഥാനാർഥിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ തന്നെ പലയിടത്തും സുരേന്ദ്രനായി ചുവരെഴുത്തുകൾ പ്രവർത്തകർ തുടങ്ങിയിരുന്നു.

സിറ്റിങ് എംപിയായ ആന്‍റോ ആന്‍റണി യുഡിഎഫിനായി കളത്തില്‍ ഇറങ്ങുമ്പോള്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജിനെ മുന്നില്‍ നിര്‍ത്തിയാണ് ശബരിമല വിഷയം ആളിക്കത്തിയ പത്തനംതിട്ട പിടിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നത്.

Read: ബിജെപി 14 സീറ്റുകളില്‍ മത്സരിക്കും; അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ്

യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ പ്രചാരണത്തിനായി ജില്ലാ കൺവെൻഷൻ നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രചാരണം ഉദ്ഘാടനം ചെയ്തു. എതിരാളി ആരെന്നത് പ്രശ്നമെല്ലെന്ന് ആന്‍റോ പറയുന്നു. കോണ്‍ഗ്രസ് അനുഭാവ മണ്ഡലമായ പത്തനംതിട്ടയില്‍ വിജയം അനായാസമെന്ന കണക്ക് കൂട്ടലിലാണ് ആന്‍റോ ആന്‍റണി.

മണ്ഡലത്തിലെ സ്ഥാനാർഥിയെ ആദ്യം തന്നെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചാരണത്തില്‍ വളരെ ദൂരം മുന്നിലാണെന്നതിന്‍റെ ആത്മവിശ്വാസത്തിലാണ്. ജില്ലാ-മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇതിനോടകം തന്നെ എല്‍ഡിഎഫ് പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ റോഡ് ഷോയുമായി വീണ ജോര്‍ജ് മണ്ഡലം നിറയും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ