കൊല്ലം: കൊല്ലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയെന്ന് സിപിഎം ആരോപണം. എന്‍കെ പ്രേമചന്ദ്രനെ ജയിപ്പിക്കാനായി ബിജെപി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയതെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ കൊല്ലത്തിന്റെ മുക്കും മൂലയും തനിക്ക് അറിയാമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ.വി സാബു പറഞ്ഞു.
ആരാണ് ആ സ്ഥാനാര്‍ത്ഥിയെന്ന് ഇപ്പോള്‍ കൊല്ലത്തെ ബിജെപിക്കാര്‍ അന്വേഷിച്ച് നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത് ദേശീയ ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് കെ വി സാബുവിനെയാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, ടോം വടക്കന്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എന്നിവരുടെ പേരാണ് കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം വരെ ഉയര്‍ന്നു കേട്ടിരുന്നത്. ഈ പേരുകളെല്ലാം വെട്ടിയാണ് അവസാന നിമിഷം സാബുവിന്റെ പേര് പ്രഖ്യാപിച്ചതും.
എന്നാല്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ സാബു തെരഞ്ഞെടുപ്പ് രംഗത്തെ പുതുമുഖമല്ല. 2009ല്‍ ചാലക്കുടിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സാബു 2014ല്‍ ഇടുക്കിയിലും മത്സരിച്ചു.
ചാലക്കുടിയില്‍ കെ പി ധനപാലന്‍ വിജയിച്ച തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും 45,367 വോട്ട് പിടിക്കാന്‍ സാബുവിന് സാധിച്ചിരുന്നു. 2014ല്‍ ഇടുക്കിയില്‍ മത്സരിച്ചപ്പോഴും മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും 50,438 വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ കരപ്പിള്ളില്‍ ഫാര്‍മസി ഉടമയാണ് യാക്കോബായ വിഭാഗക്കാരനായ സാബു വര്‍ഗ്ഗീസ് എന്നും അറിയപ്പെടുന്ന കെ വി സാബു.