ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി പ്രഖ്യാപിച്ചത്. ഇതുവരെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ടയിൽ, സംസ്ഥാന നേതാക്കളെ മാറ്റിനിർത്തി മറ്റൊരാൾ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. ബിജെപിയുടെ ദേശീയ നേതൃത്വം വിജയപ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ട മണ്ഡലത്തിൽ ആ നിയോഗം ഏല്പിക്കുന്നത് ആരെയാകണമെന്നതിൽ ദേശീയതലത്തിലും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആസാം, മേഘാലയ എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടികയാണു പുറത്തുവിട്ടത്. ആന്ധ്രയിൽനിന്നുള്ള 23, മധ്യപ്രദേശിൽനിന്ന് ആറ്, ഒഡീഷയിൽനിന്ന് അഞ്ച്, ആസാം, മേഘാലയ- ഒന്ന് എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട സ്ഥാനാർഥികളുടെ എണ്ണം. കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഒഡീഷയിലെ പൂരിയിൽനിന്നു മത്സരിക്കും.
ആദ്യ ഘട്ടത്തിൽ 184 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ബിജെപി അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിലും ജനവിധി തേടും.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാട്ന സാഹേബില്‍ നിന്ന് ജനവിധി തേടും. ബിജെപി വിമത എംപി ശത്രുഘ്നന്‍ സിംഹയാണ് നിലവില്‍ പാട്നയില്‍ നിന്നുള്ള ജനപ്രതിനിധി. മോദി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന ശത്രുഘ്നന്‍ സിംഹയ്ക്ക് ഇത്തവണ സിറ്റിംഗ് സീറ്റ് നല്‍കിയിട്ടില്ല.
ഹാജിപൂരില്‍ നിന്ന് ജനവിധി തേടുക രാം വിലാസ് പസ്വാന്റെ സഹോദരന് പശുപതി കുമാര്‍ പരാസ് ആണ്. രാം വിലാസ് പസ്വാന്റെ സിറ്റിംഗ് സീറ്റാണ് ഹാജിപൂര്‍. സിറ്റിംഗ് എംപിയും മോദി സര്‍ക്കാരിന്റെ വിമര്‍ശകനുമായ കീര്‍ത്തി ആസാദിനും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. കീര്‍ത്തി ആസാദിന്റെ സിറ്റിംഗ് സീറ്റായ ദര്‍ബാഗയില്‍ ഗോപാല്‍ജി താക്കൂറാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി.