കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർക്കാർ അനുകൂല പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കള്ളവോട്ട് നടന്നെന്ന ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സർക്കാരിന്റെയും വിശദീകരണം തേടി. 17 ന കം വിശദീകരണം നൽകണം. കേസ് 20ന് വീണ്ടും പരിഗണിക്കും.

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച് അസോസിയേഷൻ നേതാക്കൾ കള്ളവോട്ട് ചെയ്തെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽകെ.നരേന്ദ്രനും ആർ.നാരായണ പിഷാരടിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നിർദേശം.

More Election News

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിൽ ക്രമക്കേട് നടന്നെന്ന ഹർജിയിലെ ആരോപണം പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വിശദീകരിച്ചു. പോസ്റ്റൽ ബാലറ്റുകൾ അട്ടിമറിച്ചുവെന്ന ഹർജി ഭാഗത്തിന്റെ ആരോപണത്തിലെ അടിസ്ഥാനം എന്തെന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. നോഡൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റുകൾ ശേഖരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വോട്ടർമാർ വോട്ടു രേഖപ്പെടുത്തി നേരിട്ട് ജില്ലാ വരണാധികാരിക്ക് അയക്കുകയാണ് ചെയ്തിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ശേഖരിക്കാൻ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദേശപ്രകാരമാണന്നും നോഡൽ ഓഫീസർമാർക്ക് ഏകോപനം മാത്രമാണ് ചുമതലയെന്നും ഇന്ത്യ ഒട്ടാകെ ഇതാണ് നടപടി ക്രമമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

Read: പൊലീസുകരുടെ പോസ്റ്റൽ വോട്ടിലെ തിരിമറി: ഇന്റലിജൻസ് അന്വേഷിക്കും

55,000 ലധികം വോട്ടുകൾ യഥാർഥ വോട്ടർമാർക്കു പകരമായി പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ചെയ്തിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തല ഹർജിയിൽ ആരോപിച്ചിട്ടുളളത്. ഓരോ വോട്ടർക്കും ഭയമില്ലാതെ രഹസ്യമായും സ്വകാര്യമായും ചെയ്യേണ്ട പ്രക്രിയയാണ് വോട്ട് എന്നത്. ഇതിനു ഭംഗം വരുന്ന രീതിയിൽ റിട്ടേണിങ് ഓഫീസർമാരുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Read: കണ്ണൂരിൽ ആറു പേർ കളളവോട്ട് ചെയ്തുവെന്നു സമ്മതിച്ചു, ഇത് മാപ്പ് അർഹിക്കാത്ത കുറ്റം: ടിക്കാറാം മീണ

എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ പുറത്തു വന്ന എല്ലാ അട്ടിമറികളും സ്വതന്ത്ര അന്വേഷണ ഏജൻസിയെ കൊണ്ടു അന്വേഷണം നടത്താൻ നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പൊലീസിനെതിരെയുള്ള ആരോപണത്തിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതുകൊണ്ട് സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.