കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ.മുരളീധരൻ. മുൻ കാലങ്ങളിൽ ലീഗിന് മൂന്ന് സീറ്റ് നൽകിയിരുന്നു. എന്നാൽ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ജയിക്കണം. അതിനായി സിറ്റിങ് എംപിമാരെയും പരിഗണിക്കും. സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കുന്നതിൽ ഹൈക്കമാൻഡ് ആയിരിക്കും തീരുമാനം എടുക്കുകയെന്ന് മുരളീധരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി ലോക്‌ഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭയിൽ തുടരുന്നതാണ് നല്ലതെന്നായിരുന്നു മുരളീധരന്റെ മറുപടി. ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിനോട് എംഎൽഎമാർക്ക് താൽപര്യമില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മുരളീധരൻ പറഞ്ഞു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ചൈത്ര തെരേസ ജോണിനെതിരായ സിപിഎം വിമർശനത്തെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. സിപിഎമ്മിനെതിരായി ആരും പ്രവർത്തിക്കരുതെന്നാണ് അവരുടെ നയം. പോക്സോ കേസിലകപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാൻ നടത്തിയ ശ്രമമാണ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം. ഞങ്ങളുടെ പാർട്ടിയിലെ ജില്ലാ നേതാവിനെതിരെ കേസ് ചാർജ് ചെയ്തപ്പോൾ നിമിഷങ്ങൾക്കകം അയാളെ പുറത്താക്കി.

തിരുവനന്തപുരത്തെ സംഭവത്തിൽ അന്വേഷിക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരായാണ് കേസെടുത്തത്. വനിതകൾക്കു വേണ്ടി സംരക്ഷണ മതിൽ തീർത്തവരാണ് മതിൽ കെട്ടിക്കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും വനിത ഓഫിസറെ തന്നെ ശിക്ഷിക്കുന്ന നടപടിയിലേക്ക് പോയത്. സിപിഎമ്മിന്റെ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്യാൻ പാടില്ല എന്ന നിയമമൊന്നും ഇല്ല. സംശയം തോന്നിയാൽ എവിടെയും​ റെയ്ഡ് ചെയ്യാം.
യുഡിഎഫിന്റെ കാലത്ത് അന്നത്തെ ഡിസിസി പ്രസിഡന്റിനെ വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി എടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.