ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വൈകും. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അഞ്ച് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.

തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. തുടര്‍ച്ചയായി രണ്ട് തവണ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലെത്തിയ ശശി തരൂരിന് ഇത് മൂന്നാം അങ്കമാണ്. അതേസമയം, എറണാകുളത്ത് സിറ്റിങ് എംപിയായ കെ.വി.തോമസിന് പകരം ഹൈബി ഈഡന്‍ എംഎല്‍എയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥിയായ പി.രാജീവിനെ നേരിടാന്‍ യുവ സാന്നിധ്യം തന്നെ മത്സര രംഗത്തുവേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍, താന്‍ മത്സരിക്കുമെന്ന സൂചനകളാണ് കെ.വി.തോമസ് കഴിഞ്ഞ ദിവസം നല്‍കിയത്.

തൃശൂരില്‍ വി.എം.സുധീരനെ പരിഗണിക്കുന്നുണ്ടെങ്കിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുധീരന്‍ അറിയിച്ചിട്ടുണ്ട്. സുധീരനല്ലെങ്കില്‍ ടി.എന്‍.പ്രതാപനായിരിക്കും തൃശൂരില്‍ സ്ഥാനാര്‍ത്ഥി. സിറ്റിങ് എംപിയായ കെ.സി.വേണുഗോപാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെ പരിഗണിക്കാനുള്ള സാധ്യതകളുണ്ട്. ചാലക്കുടിയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനാണ് സാധ്യത. പാലക്കാട് ഷാഫി പറമ്പില്‍ എംഎല്‍എയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും കോഴിക്കോട് എം.കെ.രാഘവനും തന്നെയായിരിക്കും ജനവിധി തേടുക.

അതേസമയം, മത്സരിക്കാനില്ലെന്ന് നേതാക്കള്‍ നിലപാടെടുക്കുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കെ.സി.വേണുഗോപാലിന് പിന്നാലെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.സുധാകരനും പറഞ്ഞിരുന്നു. കണ്ണൂരില്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2014 ല്‍ കണ്ണൂരില്‍ മത്സരിച്ച സുധാകരന്‍ സിപിഎമ്മിന്റെ പി.കെ.ശ്രീമതിയോട് പരാജയപ്പെടുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ