തിരുവനന്തപുരം: മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തോട് മുഖം തിരിച്ച് യുഡിഎഫ്. നിലവിലെ രണ്ട് സീറ്റുകള്‍ തന്നെയായിരിക്കും മുസ്ലിം ലീഗിന് നല്‍കുക. അസംബ്ലി തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിന് നല്‍കാമെന്ന ധാരണയിലാണ് മൂന്നാം ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യം മുന്നണി തള്ളിയതെന്നാണ് സൂചന.
അതേസമയം, നിലവില്‍ പൊന്നാനി എംപിയായ ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റാനായി ലീഗില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. പാര്‍ട്ടി മണ്ഡലം ഭാരവാഹികളാണ് ഇടിയെ പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാണക്കാട് തങ്ങളുടേത് ആയിരിക്കും.
പൊന്നാനിയില്‍ മത്സരം കടുപ്പമേറിയതാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഇ.ടി.മുഹമ്മദ് ബഷീറിനെ കൂടുതല്‍ സുരക്ഷിത മണ്ഡലമായ മലപ്പുറത്തേക്ക് മാറ്റി കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കുഞ്ഞാലിക്കുട്ടിയാണെങ്കില്‍ പൊന്നാനി മണ്ഡലം സുരക്ഷിതമായി നിലനിര്‍ത്താം എന്നാണ് ലീഗ് കരുതുന്നത്. അതേസമയം, മലപ്പുറത്ത് ലീഗിന് എല്ലാ അര്‍ത്ഥത്തിലും അനായാസ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന ചരിത്രം ഉള്ളതുകൊണ്ട് ഇ.ടി.മുഹമ്മദ് ബഷീറിന് സുരക്ഷിത താവളമൊരുക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
എന്നാല്‍, സീറ്റ് വച്ചുമാറുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായിട്ടില്ല. പൊന്നാനിയില്‍ പി.വി.അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ മത്സരം കനക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് ഒരിക്കല്‍ കൂടി ജനവിധി തേടിയാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമോ എന്ന ആശങ്കയിലാണ് ലീഗ്.
2014 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ വിജയിച്ചത് 25,000 ത്തിലേറെ വോട്ടുകള്‍ക്കാണ്. എന്നാല്‍, ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് 2017 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നത്.