തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. ഇടുക്കിയിലോ പത്തനംതിട്ടയിലോ ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെങ്കിലും എ ഗ്രൂപ്പില്‍ വിരുദ്ധവികാരമാണുള്ളത്. ഉമ്മൻ ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കരുതെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്നുമാണ് എ ഗ്രൂപ്പിലെ ശക്തമായ അഭിപ്രായം. ഉമ്മൻ ചാണ്ടിയെ സംസ്ഥാന തലത്തില്‍ നിന്നും മാറ്റി നിര്‍ത്താനുളള മറു ഗ്രൂപ്പിന്റെ ശ്രമങ്ങളെ ചെറുക്കണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരടക്കമുളള നേതാക്കളാണ് ഡല്‍ഹിയിലുളളത്. നാളെ സ്ക്രീനിങ് കമ്മിറ്റ് ചേര്‍ന്ന് അന്തിമ തീരുമാനം എടുത്തശേഷ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും, ഈ മാസം 15ഓടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.
സിറ്റിങ് മണ്ഡലങ്ങളിൽ മറ്റൊരു സ്ഥാനാർഥിയെ കുറിച്ച് ചർച്ച നടന്നില്ല. എന്നാൽ, പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കൊപ്പം പി.ജെ.കുര്യനെയും പരിഗണിക്കുന്നു. ഡിസിസി പട്ടികയിൽ സിറ്റിങ് എംപിയായ ആന്റോയെ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണിത്. പ്രവർത്തകസമിതിയംഗങ്ങളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ, എം.എം.ഹസൻ എന്നിവരുടെ സ്ഥാനാർഥിത്വം ഹൈകമാൻഡ് തീരുമാനിക്കട്ടെയെന്നാണ് കെപിസിസി നിലപാട്.
ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, സുധീരൻ എന്നിവർ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. സംഘടന ചുമതല ഉള്ളതിനാല്‍ മത്സരിക്കാനില്ലെന്ന് കെ.സി.വേണുഗോപാല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്.