കൊച്ചി: സർക്കാർ അനുകൂല പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ടുളള രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് ഉദ്യോഗസ്ഥർ ചെയ്ത മുഴുവൻ പോസ്റ്റൽ വോട്ടുകളും പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു . ആരോപണത്തെ സംബന്ധിച്ച് എഡിജിപിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താൻ ഇലക്ഷൻ കമ്മീഷന് നിർദേശം നൽകണമെന്നും കൃത്യത്തിൽ ഏർപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ പുറത്തു വന്ന എല്ലാ അട്ടിമറികളും സ്വതന്ത്ര അന്വേഷണ ഏജൻസിയെ കൊണ്ടു അന്വേഷണം നടത്താൻ നിർദേശിക്കണം. പൊലീസിനെതിരെയുള്ള ആരോപണത്തിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതുകൊണ്ട് സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.

Read: പൊലീസുകരുടെ പോസ്റ്റൽ വോട്ടിലെ തിരിമറി: ഇന്റലിജൻസ് അന്വേഷിക്കും

തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പ് ചീഫ് ഓഫീസർ, സംസ്ഥാന പൊലീസ് മേധാവി, എഡിജിപി ( ഇന്റലിജൻസ്), സംസ്ഥാന സർക്കാർ എന്നിവരാണ് എകക്ഷികൾ. പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഇടതുപക്ഷ സ്ഥാനാർഥികളുടെ ഉപകരണമായി പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ഗുരുതര കൃത്യവിലോപമാണുണ്ടായത്. അസോസിയേഷൻ ഭാരവാഹികൾ പോസ്റ്റോഫിസുകളിൽ നിന്നു ബാലറ്റുകൾ ശേഖരിച്ച് യഥാർഥ വോട്ടർമാർക്ക് പകരക്കാരായി വോട്ടു ചെയ്തുവെന്ന മാധ്യമ റിപ്പോർട്ടുകൾ ഞെട്ടലുളവാക്കിയെന്ന് ഹർജിയിൽ പറയുന്നു.

55,000 ലധികം വോട്ടുകൾ യഥാർഥ വോട്ടർമാർക്കു പകരമായി പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ചെയ്തിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഓരോ വോട്ടർക്കും ഭയമില്ലാതെ രഹസ്യമായും സ്വകാര്യമായും ചെയ്യേണ്ട പ്രക്രിയയാണ് വോട്ട് എന്നത്. ഇതിനു ഭംഗം വരുന്ന രീതിയിൽ റിട്ടേണിങ് ഓഫീസർമാരുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.