കോട്ടയം: ലോക്‌സഭാ സീറ്റ് വിവാദത്തില്‍ പി.ജെ.ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍. ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തി. റോയ് കെ.പൗലോസിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് റോയ് കെ.പൗലോസ് പ്രതികരിച്ചു. എന്നാല്‍, ഏതെങ്കിലും പ്രത്യേക ദൗത്യത്തെ തുടര്‍ന്നല്ല ജോസഫുമായി ചര്‍ച്ച നടത്തിയതെന്നും റോയ് കെ.പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു.

പി.ജെ.ജോസഫ് മുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. പ്രശ്‌നം സങ്കീർണമായാല്‍ മാത്രം കോണ്‍ഗ്രസ് ഇടപെടുമെന്നും യുഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

Read More: കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം.ജോര്‍ജ് രാജിവച്ചു

അതേസമയം, തോമസ് ചാഴികാടനോട് പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായമാണ് തന്നെ തിരഞ്ഞെടുക്കാന്‍ കാരണമായതെന്നും പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നും തോമസ് ചാഴികാടനും പ്രതികരിച്ചു.

ജോസഫ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പുറത്തിറങ്ങിയാല്‍ ഇടതമുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

Read More: പാര്‍ട്ടി വിട്ടുവന്നാല്‍ പി.ജെ.ജോസഫിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാം: കോടിയേരി

പാര്‍ട്ടിയിലെ എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്ത ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നാണ് ജോസ് കെ.മാണി പറഞ്ഞത്. പാര്‍ട്ടിയില്‍ ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുത്തത്. നിലപാടില്‍ നിന്ന് ഒരു തരത്തിലും പിന്നോട്ടില്ല. ചാഴികാടനോട് പ്രചാരണത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ