കോഴിക്കോട്: ലോക്സഭാ സീറ്റ് കിട്ടാത്തതിലുള്ള എല്‍ജെഡിയുടെ പ്രതിഷേധം തണുക്കുന്നു. സിപിഎമ്മിന്റെ അനുനയ ശ്രമങ്ങളില്‍ എല്‍ജെഡി വിട്ടുവീഴ്ച ചെയ്യാന്‍ സമ്മതിച്ചെന്നാണ് സൂചന. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വടകരയില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന നിലപാട് എല്‍ജെഡി ഉപേക്ഷിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാമെന്ന സിപിഎമ്മിന്റെ ഉറപ്പിലാണ് എല്‍ജെഡി നിലപാട് മയപ്പെടുത്തിയത്. നിയമസഭാ സീറ്റുകളിലും കൂടുതല്‍ പ്രാതിനിധ്യം നല്‍കാമെന്ന് എല്‍ജെഡിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് എല്‍ജെഡി വ്യക്തമാക്കുന്നത്.
വടകര സീറ്റ് തങ്ങള്‍ക്ക് ലഭിക്കണമെന്ന് എല്‍ജെഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് വടകരയില്‍ സ്ഥാനാര്‍ത്ഥി. എല്‍ജെഡിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വടകര. അതിനാല്‍ തന്നെ, നീക്കുപോക്കുകളുമായി എല്‍ജെഡിയെ കൂടെ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.