ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമങ്ങള്‍. ലോക്‌സഭാ സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി പ്രതിഷേധം അറിയിച്ച കെ.വി.തോമസിനെ ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി.തോമസിന്റെ വീട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി.

ഉമ്മന്‍ ചാണ്ടിയും കെ.വി.തോമസുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട മറ്റ് ഏതെങ്കിലും പദവി നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.വി.തോമസുമായി സോണിയ ഗാന്ധി ചർച്ച നടത്താനാണ് സാധ്യത.

Read More: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

അതേസമയം, കെ.വി. തോമസിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപി നേതാക്കള്‍ കെ.വി.തോമസിനെ സ്വാഗതം ചെയ്ത് പരസ്യമായി രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ കെ.വി.തോമസിനായി ചരടുവലികള്‍ നടക്കുന്നുണ്ട്. എറണാകുളത്ത് കെ.വി.തോമസിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കെ.വി.തോമസ് ഇതിനോട് മൗനം പാലിക്കുകയാണ്. ടോം വടക്കന്റെ നേതൃത്വത്തില്‍ കെ.വി.തോമസുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളത്തെ സിറ്റിങ് എംപിയായ തന്നെ എന്തുകൊണ്ട് മാറ്റിനിര്‍ത്തി എന്ന ചോദ്യമാണ് കെ.വി.തോമസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഉന്നയിച്ചത്. സിറ്റിങ് എംപിമാരില്‍ തന്നെ മാത്രം ഒഴിവാക്കിയതില്‍ കെ.വി.തോമസ് അമര്‍ഷം രേഖപ്പെടുത്തി. എറണാകുളത്തെ സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് കെ.വി.തോമസ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ