കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ നിന്ന് ജനവിധി തേടും. സിറ്റിങ് സീറ്റായ കോട്ടയത്ത് തന്നെ കേരളാ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനായ സി.എഫ്.തോമസ് എംഎല്‍എ അറിയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും സി.എഫ്.തോമസ് വ്യക്തമാക്കി. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പിന്‍മാറുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് യോഗം ആരംഭിക്കും. പി.ജെ.ജോസഫായിരിക്കും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെന്ന് സൂചനകളുണ്ട്. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജോസഫ് നേരത്തെ തന്നെ കെ.എം.മാണിയെയും പാര്‍ട്ടിയെയും അറിയിച്ചിട്ടുണ്ട്. ജോസഫിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് നേരത്തെ രംഗത്തുവന്നിരുന്നു. കോട്ടയത്തിന് പുറമേ ഇടുക്കി കൂടി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, മുന്നണിയില്‍ ഇതിന് അംഗീകാരം ലഭിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.