തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ജാതീയമായി അധിക്ഷേപിച്ചതായി കാണിച്ച് അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി. ആലത്തൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള അനില്‍ അക്കര എംഎല്‍എയാണ് ദീപയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാണ് പരാതി. രമ്യ ഹരിദാസ് പ്രചാരണയോഗങ്ങളില്‍ പാട്ട് പാടുന്നതിനെയാണ് ദീപ വിമര്‍ശിച്ചത്. ഇതിനെതിരായ യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ ദീപ നിശാന്ത് കമന്റ് ബോക്സ് ഓഫാക്കി.

Read: വീണ്ടും വിവാദ നായിക: ജാതി അധിക്ഷേപത്തിന് ദീപ നിശാന്തിനെതിരെ തിരഞ്ഞടുപ്പ് കമ്മീഷന് പരാതി

പാട്ടുപാടി വോട്ട് പിടിക്കാന്‍ ഇത് ഐഡിയ സ്റ്റാര്‍ സിംഗറോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപ നിശാന്തിന്റെ പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കോണ്‍ഗ്രസ് അണികളും നേതാക്കളും തന്നെ രംഗത്ത് എത്തിയിരുന്നു. കവിത മോഷണവും ക്ഷമാപണവും തുടങ്ങി വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആളാണ് ദീപ നിശാന്ത്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ദീപ നിശാന്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അവരുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പോസ്റ്റിന് മറുപടിയുമായി ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത് എത്തി.

‘ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക. ഞാന്‍ ഒരു ദലിത് കുടുംബത്തില്‍ ജനിച്ച ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരുപാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്‍ പാടുന്ന തരത്തിലേക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ- രമ്യ ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.