കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളം ഇന്ന് വിധിയെഴുതുമ്പോള്‍ സംസ്ഥാനത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണ്ഡലത്തിലും മൂന്നാം സ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ മണ്ഡലമായ കണ്ണൂരിലെ പിണറായിയില്‍ ആര്‍സി അമല ബേസിക് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ തിരഞ്ഞെടുപ്പോടെ ചിലരുടെയൊക്കെ അതിമോഹം തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വംശഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. വർഗീയതയും വിദ്വേഷവും കേരളത്തില്‍ വിലപ്പോകില്ല.
Kerala: CM P. Vijayan queues up to casts his vote at polling booth in RC Amala Basic UP School in Pinarayi in Kannur district. #LokSabhaElections2019 pic.twitter.com/LLydBK4FcN
— ANI (@ANI) April 23, 2019
അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് ബിജെപി നേതാക്കള്‍ റോഡ് ഷോയ്ക്കായി അവരുടെ ദേശീയ നേതാക്കളെ കേരളത്തിലേക്ക് കൊണ്ടു വരികയാണെന്നും കോണ്‍ഗ്രസും ശക്തമായ പ്രചാരണം നടത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ പിണറായി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ആരോപിച്ചു.
കേരളത്തില്‍ വ്യാപകമായി വോട്ടിങ് മെഷീന്‍ തിരിമറിയുണ്ടായി. പലയിടത്തും പോളിങ് തടസപ്പെടുന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വേണ്ടത്ര ഗൗരവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി 161-ാം ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. വോട്ടിങ് തുടങ്ങാനും വൈകിയിരുന്നു.