തിരുവനന്തപുരം: കേരളത്തിലെ ബിജെപി സ്ഥാനാർഥി പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അംഗീകാരം നല്കി. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് മത്സരിച്ചേക്കുമെന്നാണ് വിവരം. മൂന്നംഗ ചുരുക്കപ്പട്ടികയില്‍ ശ്രീധരൻ പിളളയുടെ പേര് ഉണ്ടായിരുന്നെങ്കിലും സുരേന്ദ്രന് വേണ്ടി ആര്‍എസ്എസ് വാദിച്ചെന്നാണ് വിവരം. ഇതോടെ ശ്രീധരൻ പിളളയ്ക്ക് സീറ്റ് ലഭിച്ചേക്കില്ല.
ആർഎസ്എസിന്റെ ഇടപെടലാണ് ശ്രീധരൻ പിളളയ്ക്ക് തിരിച്ചടിയായത്. ശബരിമല വിഷയത്തില്‍ സുരേന്ദ്രന്റെ സമരം കണക്കിലെടുത്താണ് ആര്‍എസ്എസ് അദ്ദേഹത്തെ പിന്തുണച്ചത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടക്കായിരുന്നു ബിജെപിക്കുള്ളിൽ നേതാക്കളുടെ പിടിവലി. മണ്ഡലത്തിൽ മത്സരിക്കാന്‍ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള ശ്രമം നടത്തിയെങ്കിലും വിജയിക്കില്ലെന്നാണ് വിവരം.
Read: പത്തനംതിട്ടയില്‍ ആരെന്ന് അമിത് ഷാ പറയും; ബിജെപി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
സുരേന്ദ്രൻ മത്സര രംഗത്തുണ്ടെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. പത്തനംതിട്ടയിൽ സുരേന്ദ്രനായി അദ്ദേഹത്തിന്റെ അനുകൂലികൾ പരസ്യമായി ക്യാംപെയിൻ നടത്തിയിരുന്നു. പ്രവർത്തകരുടെ ഇത്തരം വികാരങ്ങളും എതിർപ്പുകളുമെല്ലാം ചർച്ചയായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ചില സ്ഥാനാർഥികളോട് കൂടി സമ്മതം ചോദിക്കാനുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സ്ഥാനാർഥി പട്ടികയുടെ ഔദ്യോഗികമായ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. പ്രവർത്തകരുടെ എതിർപ്പുകളും വികാരവും ചർച്ചയായെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.