തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. എന്നാല്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. ഒരാഴ്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അടിസ്ഥാനത്തിലാണ് ഇളവുകള്‍. പ്രധാനമായും ടിപിആര്‍ 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒരു സമയം 15 പേര്‍ക്കായിരിക്കും പ്രവേശനം.
ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള 575 പ്രദേശങ്ങളെ ബി വിഭാഗമായുമാണ് തരംതിരിച്ചിരിക്കുന്നത്.
ടിപിആർ 16-24 ശതമാനത്തിനിടയിലുള്ള 171 പ്രദേശങ്ങളാണ് സി വിഭാഗത്തിൽ. ഡി വിഭാഗത്തിൽ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള 11 പ്രദേശങ്ങളാണുള്ളത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കും.
ബാങ്കുകൾ തിങ്കൾ മുതൽ വെള്ളിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ പ്രവര്‍ത്തിക്കാം. നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.
എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ 25 ശതമാനം വരെ ജീവനക്കാരോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം.
വാക്സിന് നല്‍കിയതിന് ശേഷം ജൂലൈ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും.
Also Read: അപൂർവ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം