scorecardresearch

ഒറ്റ അക്ക നമ്പർ വാഹനങ്ങൾ നിരത്തിലിറക്കാം; ഏഴു ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ

ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് അനുമതി. കുടുംബാംഗമാണെങ്കിൽ പിന്നിൽ ഇരുത്താം. ഓട്ടോ, ടാക്സി, ബസ് സർവീസുകൾ ഉണ്ടാകില്ല

lockdown, ie malayalam

തിരുവനന്തപുരം: കേരളത്തിലെ ഏഴു ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഗ്രീൻ സോണിലുളള ജില്ലകളായ ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് ബി വിഭാഗത്തിലുളള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നത്. ഓറഞ്ച് എ വിഭാഗത്തിലുളള എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 24 മുതലാണ് ഇളവുകൾ നിലവിൽ വരിക.

റജിസ്ട്രേഷൻ നമ്പർ 1, 3, 5, 7, 9 ൽ അവസാനിക്കുന്ന വാഹനങ്ങൾക്കു തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ ഇന്നു മുതൽ യാത്രാനുമതി. 2, 4, 6, 8, 0 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുളള വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നിരത്തിലിറക്കാം. സ്ത്രീകൾ ഒറ്റയ്ക്കു ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ നമ്പർ നിയന്ത്രണമില്ല. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.

ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മണ്‍സൂണിന് മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ പിൻസീറ്റിൽ 2 പേരെ കൂടി അനുവദിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് അനുമതി. കുടുംബാംഗമാണെങ്കിൽ പിന്നിൽ ഇരുത്താം. ഓട്ടോ, ടാക്സി, ബസ് സർവീസുകൾ ഉണ്ടാകില്ല. ഹോട്ടലുകളിൽ രാത്രി 7 വരെ ഭക്ഷണം വിളമ്പാം. പാർസൽ/ഓൺലൈൻ ഡെലിവറി രാത്രി 8 മണി വരെയാണ്.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

Read More: ലോക്ക്ഡൗൺ ഇളവ് ഇന്നുമുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും ഏതെല്ലാം?

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കില്ല.

അതേസമയം, ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുളള കാര്യങ്ങള്‍ക്കായി മാത്രമേ ഒരു ജില്ലയില്‍ നിന്ന് അടുത്തുളള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങള്‍ക്കായി ജില്ല കടന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lockdown relaxation in seven districts of kerala