തൃശൂര്‍: പാലക്കാട്ട് കൈതച്ചക്കയിൽ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ ലോകമെമ്പാടുനിന്നും കേരളത്തിനെതിരെ വിമര്‍ശനമുയരുകയാണ്. ഇതിനിടെ ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വീട്ടുവളപ്പുകളിലെ നിരീക്ഷണത്തില്‍ പതിഞ്ഞത് കാട്ടാന അടക്കമുള്ള 1611 തരം ജീവജാലങ്ങളെ.
ലോക്ക്ഡൗണിലെ വിരസതയും മാനസിക സമ്മര്‍ദവും മറികടക്കാനായി സമാനമനസ്കരായ കുറച്ചു പേര് ആരംഭിച്ച ബാക്ക്യാർഡ് ബയോബ്ലിറ്റ്സ് എന്ന പേരിലുള്ള നിരീക്ഷണമാണ് ഇത്രയും ജീവജാലങ്ങളെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. വയനാട്ടിലും നിലമ്പൂരിലുമാണു കാട്ടാനയെ കണ്ടത്.
220 പ്രകൃതി നിരീക്ഷകര്‍ 6400-ല്‍ പരം ജീവജാലങ്ങളുടെ ഫോട്ടോകളാണ് ബാക്ക്യാർഡ് ബയോബ്ലിറ്റ്സിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തത്. ഇതിൽ 38 ശതമാനത്തെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
”ലോക്ക്ഡൗണ്‍ സമയത്തെ വിരസത ഒഴിവാക്കാനായാണ് തൊടിയിലേക്ക് ക്യാമറയുമായി ഇറങ്ങിയത്. ഒട്ടേറെ കൂട്ടുകാരും ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്ട്സാപ്പ് സ്റ്റാറ്റസ്സും ഒക്കെയായി പോസ്റ്റ് ചെയ്തുകണ്ടു. എന്തുകൊണ്ട് ഇത്തരം നിരീക്ഷണങ്ങള്‍ ഒരുമിച്ച് ഒരു സ്ഥലത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തിക്കൂടെ എന്ന അന്വേഷണമാണ് ബാക്ക്യാർഡ് ബയോബ്ലിറ്റ്സ് എന്ന പ്ലാറ്റ്ഫോമിലേക്കെത്തിച്ചത്,” പക്ഷിനിരീക്ഷകനും ബാക്ക്യാഡ് ബയോബ്ലിറ്റ്സിന്റെ കോഡിനേറ്ററുമായ തൃശൂര്‍ സ്വദേശി മനോജ് കരിങ്ങാമഠത്തില്‍ പറഞ്ഞു.
ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമാണു ബാക്ക്യാർഡ് ബയോബ്ലിറ്റ്സ്. ക്രീയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള സൗകര്യം പ്ലാറ്റ്ഫോമിലുണ്ട്. ഇതിലെ നിരീക്ഷണങ്ങള്‍ ഗ്ലൊബര് ബയോ ഡൈവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ ഫെസിലിറ്റി എന്ന ലോകത്തെ ജൈവവൈധ്യ ഡേറ്റയിലേക്കും ശേഖരിക്കുന്നുണ്ട്. അതുവഴി ഗവേഷകര്‍ക്കും സംരക്ഷണ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നയം രൂപീകരിക്കുന്നവർക്കമൊക്കെ ഉപയോഗപ്പെടുത്താനാവുമെന്നു മനോജ് പറഞ്ഞു.
Read Also: വർഗീയ മുതലെടുപ്പിന് ചിലരുടെ ശ്രമം; ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷപ്രചാരണത്തിനെതിരെ മുഖ്യമന്ത്രി
612 നിരീക്ഷണങ്ങളില്നിന്നായി 151 ഇനം പക്ഷികള്‍, 113 ഇനം പൂമ്പാറ്റകള്‍, 74 ഇനം തുമ്പികള്‍, 85 ഇനം ചിലന്തികള്‍, 475 സസ്യങ്ങള്‍ തുടങ്ങിയവാണ് ക്യാമറയില്‍ പതിഞ്ഞത്. ആനയും മുള്ളൻ പന്നിയും തുടങ്ങി ഉറുമ്പും കൂണും വരെ നീളുന്ന ജൈവവൈധ്യത്തിന്റെ അത്ഭുതലോകം.
എഴുപുന്ന സ്വദേശിയായ രഞ്ജുവാണ് ഏറ്റവും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിയതും കൂടുതല്‍ സ്പീഷ്യസ്സുകളെ ഡോക്യുമെന്റ് ചെയ്തതും. 627 നിരീക്ഷണങ്ങളില്നിന്നായി 307 സ്പീഷ്യസ്സുകളെ രഞ്ജു രേഖപ്പെടുത്തി. മറയൂരില്‍നിന്ന് മഹേഷ് മാത്യുവും ഏഴിമലയില്‍നിന്ന് മനോജും മൂവാറ്റുപുഴയില്‍നിന്ന് രഞ്ജിത്ത് മാത്യുവും വെള്ളാങ്ങല്ലൂരില്നിന്ന് റെയ്സണ്‍ തുമ്പൂരും ചേര്‍ത്തല സ്വദേശിയായ വീട്ടമ്മയായ എ.വി പ്രിയയും കാക്കനാട് നിന്ന് ജീവികളുടെ മാക്രോ ഫോട്ടോകളുമായി സണ്ണി ജോസഫും കാസര്‍ഗോഡ് കുമ്പളയിലെ സ്കൂള്‍ അധ്യാപകനായ രാജു കിദൂരും മുളങ്ങുന്നത്തുകാവില്നിന്ന് ആദിലുമെല്ലാം ഇതിന്റെ ഭാഗമായി.
വീട്ടുപറമ്പുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ഓന്ത്, പുളിയുറുമ്പ്, നാട്ടുനിലത്തന്‍ തുമ്പി, സ്വാമിത്തുമ്പി, മണ്ണാത്തിപ്പുള്ള്, മഞ്ഞത്തേന്‍കിളി തുടങ്ങിയവയാണ്. അപൂര്‍വമായ കാട്ടുമരതകന്‍ തുമ്പിയും ഭൂഗര്ഭമത്സ്യവും മരമിന്നന്‍ ശലഭവും കോഴിക്കാടയും കൊമ്പന്കുയിലും നീലമാറന്‍ കുളക്കോഴിയും നീര്‍നായയും മലയണ്ണാനും കാട്ടുപൂച്ചയും നിരീക്ഷങ്ങളില്‍ രേഖപ്പെടുത്തി.
1334 നിരീക്ഷണങ്ങളും 638 ജീവിവര്‍ഗങ്ങളുമായി ആലപ്പുഴയും 1059 നിരീക്ഷണവും 513 ജീവിവര്‍ഗങ്ങളുമായി തൃശൂരും 933 നിരീക്ഷണങ്ങളും 413 ജീവിവര്‍ഗങ്ങളുമായി എറണാകുളവും 910 നിരീക്ഷണങ്ങളും 403 ജീവികളുമായി ഇടുക്കിയും മുന്നിട്ടു നില്ക്കുന്നു.
Read Also: ഒരു ജില്ലയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്
വന്യജീവി സര്‍വേകള്‍ പ്രധാനമായും കാടുകളും സംരക്ഷിത പ്രദേശങ്ങളോ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും ജൈവവൈധ്യത്തിനു പലപ്പോഴും വേണ്ടത്ര പരിഗണ ലഭിക്കാറില്ലെന്നു മനോജ് പറയുന്നു.
”സര്‍വേകളും മറ്റും സംഘടിപ്പിക്കുന്നത് പ്രത്യേക മേഖലയില്‍, പ്രത്യേക ജീവിവര്‍ഗ്ഗത്തെ കേന്ദ്രീകരിച്ചായിരിക്കും. ഇവയെല്ലാം ഡേറ്റ സ്വഭാവത്തിലോ റിപ്പോര്‍ട്ടുകളായോ പൊതുജനങ്ങൾക്കു ലഭ്യമാകാറില്ല. കേരളത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ ജൈവവൈവിധ്യം ഡോക്യുമെന്റ് ചെയ്യാനുള്ള ഇങ്ങനെയുള്ള ജനകീയ ശ്രമം ആദ്യമാണ്, ” മനോജ് പറഞ്ഞു.
ചുറ്റുമുള്ള ജൈവവൈധ്യം നിരീക്ഷിക്കാനും പങ്കുവയ്ക്കാനും പഠിക്കാനും അവസരം നല്കുന്ന ബാക്ക്യാർഡ് ബയോബ്ലിറ്റ് ഒരു സിറ്റിസണ്‍ സയന്‍സ് സംരംഭമാണെന്ന് കോഡിനേറ്ററും പൂമ്പാറ്റ നിരീക്ഷകനുമായ എകെ ഫിറോസ് പറഞ്ഞു.
” മൊബൈൽ ഫോണിലോ ക്യാമറയിലോ എടുക്കുന്ന ചിത്രങ്ങള്‍ തിയതിയും സ്ഥലവുമടക്കം നിഷ്പ്രയാസം പൊതുജങ്ങള്‍ക്ക് ഐനാചുറലിസ്റ്റ് ആപ്പിലൂടെയോ പോര്‍ട്ടല്‍ വഴിയോ അപ്ലോഡ് ചെയ്യാനാകും. ഇതുവഴി കൂടുതല്‍ പേരെ പരിസ്ഥിതി നിരീക്ഷണത്തിലേക്കെത്തിക്കുകയും സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനാകുകയും ചെയ്യുന്നു,” ഫിറോസ് പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്ത് നിരീക്ഷണത്തിന് പുറത്തുപോകാന്‍ പറ്റാത്തതുകൊണ്ട് ഒഴിവുസമയം കൂടുതലും ചെലവഴിച്ചത് ഐനാച്വറലിസ്റ്റില് അപ്ലോഡ് ചെയ്യപ്പെടുന്ന ഒബ്സര്‍വേഷനുകള്‍ സ്പീഷീസ് തിരിച്ചറിയാനാണെന്നു പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പുനലൂര്‍ സ്വദേശിയായ അനില പറഞ്ഞു.