/indian-express-malayalam/media/media_files/uploads/2020/01/hallmarking-to-be-made-mandatory-for-gold-jewellery-335122.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂവലറികൾ ഇന്നു മുതൽ തുറക്കും. ലോക്ക്ഡൗണിനെ തുടർന്ന് ഒന്നര മാസത്തിലധികമായി ഷോപ്പുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് സ്വർണ വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. നികുതി ഇനത്തിൽ സർക്കാരിനും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി.
സർക്കാർ നിർദേശം പാലിച്ച്, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയായിരിക്കും ഷോപ്പുകൾ തുറക്കുക. ഷോറൂമുകൾ അണുവിമുക്തമാക്കുകയും ജീവനക്കാർക്കും ഇടപാടുകാർക്കും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. എല്ലാ ജൂവലറികളും സാനിറ്റൈസറുകൾ ഉൾപ്പെടെയുള്ള അണുവിമുക്ത മാർഗങ്ങൾ സജ്ജമാക്കുകയും ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുകയും ചെയ്യും. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താപനില പരിശോധിക്കാനും ഷോപ്പുകളിൽ സൗകര്യമുണ്ടാകും.
Read Also: ജില്ലയ്‌ക്കുള്ളിൽ കെഎസ്‌ആർടിസി സർവീസ് ആരംഭിച്ചു; മിനിമം ചാർജ് 12 രൂപ
ജൂവലറികൾ അടഞ്ഞു കിടന്നിരുന്നുവെങ്കിലും കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് വർധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പവനു 35,040 രൂപയും ഗ്രാമിനു 4,380 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ സ്വർണ വില. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു. രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയർത്തിയത്.
അതേസമയം, ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവനു 520 രൂപ കുറഞ്ഞു. ഗ്രാമിനു 4,315 രൂപയും പവനു 34,520 രൂപയുമായിരുന്നു ഇന്നലത്തെ വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.