കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഏപ്രിൽ 23ന് ഉള്ളിൽ സത്യവാങ്ങ് മുലം സമർപ്പിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തു. കേസ് അടുത്ത വെള്ളിയാഴ്ച കോടതി പരിഗണിക്കും.
മെയ് ഒന്നാം തിയതി അർധരാത്രി മുതൽ രണ്ടാം തിയതി അർധരാത്രി വരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ എയിഡ് എന്ന സംഘടനയുടെ ജോയിൻറ് സെക്രട്ടറി വിനോദ് മാത്യു വിൽസൺ സമർപിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വോട്ടെണ്ണൽ ദിനം രാഷ്ട്രീയ പാർട്ടികളുടെ അണികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലിസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Read Also:10,000 കടന്ന് പുതിയ രോഗബാധകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8
കഴിഞ്ഞ ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 10,031 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.