കോട്ടയം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്താകമാനം അവയവദാന പ്രക്രിയ നിലച്ചിരിക്കെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി കോട്ടയം മെഡിക്കല്‍ കോളേജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെസി ജോസി(62)നാണു ഹൃദയം മാറ്റിവച്ചത്.
2011ൽ ഇറങ്ങിയ ട്രാഫിക് സിനിമയിലേതിന് സമാനമായി കിലോമീറ്ററുകൾക്കപ്പുറത്തുള്ള ദാതാവിന്റെ ഹൃദയമാണ് കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് എത്തിച്ചത്. ട്രാഫിക് സിനിമയിൽ കൊച്ചിയിൽ നിന്ന് പാലക്കാടേക്ക് തിരക്കുള്ള പാതയിലൂടെയാണ് ഹൃദയം കൊണ്ടു പോയത്. എന്നാൽ കോട്ടയത്ത് നടന്ന ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തു നിന്ന് ഹൃദയമെത്തിച്ചത് ലോക്ക്ഡൗണിനെത്തുടർന്ന് തിരക്കൊഴിഞ്ഞ വഴികളിലൂടെയും.
ബൈക്ക് അപകടത്തെത്തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന്റെ (50) ഹൃദയമാണ് ജോസിന് നൽകിയത്. ശ്രീകുമാറിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ബന്ധുക്കള്‍ അവയവ ദാനത്തിനു തയാറാകുകയായിരുന്നു. ഇതുവഴി ജോസ് ഉള്‍പ്പെടെ നാലു പേര്‍ക്കാണു പുതുജീവന്‍ ലഭിച്ചത്. സര്‍ക്കാരിന്റെ അവയവദാന ഔദ്യോഗിക ഏജന്‍സിയായ മൃതസഞ്ജീവിനിയാണ് അവയവദാനത്തിനുള്ള നടപടി ക്രമങ്ങൾ ഏകോപിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി തിരുവന്തപുരത്തെത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ശനിയാഴ്ച പുലര്‍ച്ചെ 3.15ന് ശ്രീകുമാറില്‍നിന്ന് ഹൃദയമെടുത്തു. തുടര്‍ന്ന് റോഡ് മാര്‍ഗം 5.15ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി. ഇവിടെ അഞ്ച് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയയില്‍ ഈ സംഘവും പങ്കാളികളായി.
മൂന്നു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവയ്ക്കാനാവശ്യമായ മരുന്ന് എറണാകുളത്തുനിന്ന് ഫയര്‍ ഫോഴ്സ് 40 മിനിറ്റ് കൊണ്ട് എത്തിച്ചു. ഹാര്‍ട്ട് റിജക്ഷന്‍, അണുബാധ സാധ്യതയുള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കി. രണ്ടാഴ്ച വരെ രോഗി പൂര്‍ണ നിരീക്ഷണത്തിലായിരിക്കും.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ആറും നടന്നത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. ജയകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.
ശ്രീകുമാറിന്റെ വൃക്കകളിലൊന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊന്നും കരളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും നല്‍കി.