തൃശൂർ: ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവതപരായണം നടത്തി. പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. ലോക്ക്ഡൗണ്‍ ലംഘനത്തെ തുടർന്ന് കേസെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതി അംഗം അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹ ക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഭാഗവതപാരായണം നടത്തിയത്.
Read Also: ഭർത്താവ് മോശം പ്രകടനം നടത്തിയാലും പഴി ഭാര്യയ്ക്ക്: സാനിയ മിർസ
ഇന്നു രാവിലെ 7.30 നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭാഗവതപാരായണത്തിൽ പങ്കെടുത്തിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേർ ഓടിരക്ഷപ്പെട്ടു. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ തുടങ്ങിയിട്ടും ക്ഷേത്രത്തിൽ പൂജകൾ നടന്നിരുന്നതായാണ് വിവരം. ആർഎസ്എസ് ശക്തികേന്ദ്രമാണ് പ്രദേശം. ലോക്ക്ഡൗണ്‍ കാലത്തും വിശ്വാസികൾ സാധാരണ നിലയിലുള്ള പൂജകളിൽ പങ്കെടുക്കാൻ എത്തിയിരുന്നതായാണ് വിവരം. ലോക്ക്ഡൗണ്‍ ആയതിനാൽ എല്ലാ ആരാധനലായങ്ങളും അടച്ചിടണമെന്നാണ് കേന്ദ്ര നിർദേശം. അതിനിടയിലാണ് നിരവധി പേരെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിച്ചത്.
തൃശൂർ ജില്ലയിലെ തന്നെ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിൽ വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥിച്ചതിന് പതിമൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ച് കുട്ടികൾ അടക്കമുള്ളവരാണ് പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയത്. പിന്‍വാതില്‍ വഴിയായിരുന്നു ആളുകള്‍ പള്ളിയില്‍ എത്തിയത്. വിവരം അറിഞ്ഞ ഉടനെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ഒൻപത് പേരെ കയ്യോടെ അറസ്റ്റ് ചെയ്തു. പൊലീസ് എത്തിയ വിവരം അറിഞ്ഞ് പലരും പള്ളിയിൽ നിന്ന് ഓടിപ്പോയി.