തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ജില്ലയ്‌ക്കകത്ത് ബസ് സർവീസ് നടത്താം. ഹ്രസ്വദൂര ബസ് സർവീസുകൾ നടത്താനാണ് തീരുമാനം. അതേസമയം, സാർവത്രികമായ പൊതുഗതാഗതം ഉടൻ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കർശനമായ നിബന്ധനകളോടെ മാത്രമേ ബസ് സർവീസ് പുനരാരംഭിക്കൂ.

യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തും

ഒരു ബസിൽ പരമാവധി 24 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാരുടെ എണ്ണം കുറയ്‌ക്കുന്നത്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. തീവ്രബാധിത മേഖലകൾ ഒഴിവാക്കിയായിരിക്കും ബസ് സർവീസ് അനുവദിക്കുക. ബസ് ചാർജ് വർധിപ്പിക്കും. എന്നാൽ, ഇരട്ടിയാക്കില്ല. ടാക്‌സി നിരക്ക് വർധിപ്പിക്കില്ല. ചാർജ് പരിഷ്‌കരണം എങ്ങനെയായിരിക്കുമെന്ന് പിന്നീട് തീരുമാനിക്കും. ബസ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പടെ മറ്റ് ആനുകൂല്യങ്ങളും നല്‍കിയേക്കും.

Read Also: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ഓട്ടോറിക്ഷയ്‌ക്കും അനുമതി

ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനും അനുമതി നല്‍കും. ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനാകും അനുമതി. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണ്. എന്നാല്‍ നടപടിക്രമങ്ങളില്‍ ഇളവ് ഉണ്ടായേക്കും. ഓട്ടോറിക്ഷയിലും മാസ്‌ക് നിർബന്ധമാക്കും.

മദ്യവിൽപ്പന പുനരാരംഭിക്കും

സംസ്ഥാനത്ത് മദ്യ വിൽപ്പന ബുധനാഴ്ച മുതൽ തുടങ്ങാൻ ഉന്നതതല യോഗത്തിൽ ധാരണയായി. 265 ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ വഴിയും 35 കൺസ്യൂമർഫെഡ് ഷോപ്പുകളും ബാറുകളിലെ കൗണ്ടറുകൾ വഴിയും വിൽപന നടത്തും. ബാറുകളിൽനിന്നും പഴ്സലായി മദ്യം വാങ്ങാം. ലോക്ക്ഡൗണിനെ തുടർന്ന് ഒന്നര മാസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് സംസ്ഥാനത്തെ മദ്യ വിൽപ്പന ശാലകൾ തുറക്കുന്നത്.

Read Also: സംസ്ഥാനത്ത് കനത്ത മഴ; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയായിരിക്കും മദ്യവിൽപ്പന നടത്തുക. ഇതിനായാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത്. ഓൺലൈനിൽ മദ്യത്തിനായി ബുക്കിങ് നടത്താം. ഓൺലൈനിലൂടെ ലഭിക്കുന്ന ടോക്കണിൽ മദ്യത്തിനായി വരി നിൽക്കേണ്ട സമയമടക്കം ഉണ്ടാകും. ഓരോരുത്തർക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സജ്ജീകരിക്കും. ഒരേസമയം, വരിയിൽ അഞ്ച് പേരിൽ കൂടുതൽ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം. മദ്യം പാഴ്സലായി വാങ്ങിക്കാനുളള വെർച്വൽ ക്യൂവിന്റെ ആപ് റെഡിയായിട്ടുണ്ട്. കൊച്ചിയിലെ ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനമാണ് ആപ് നിർമ്മിച്ചത്. നാളെ ട്രയൽ റൺ നടത്താനാണ് ഇപ്പോഴുളള ധാരണ. ട്രയൽ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.