തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം പ്രവചനാതീതമാണെന്നും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്നും ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും ദിവസത്തെ ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടക്കം കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സർക്കാർ തീരുമാനം. അതീവ ജാഗ്രത തുടരണം. കോവിഡ് വ്യാപനത്തിൽ വിചിത്രമായ അനുഭവങ്ങളുണ്ടാകുന്നു. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമാക്കും. റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കും. ജാഗ്രത കുറവ് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് കേരളത്തിൽ പുതിയതായി 19 പേരിൽ കൂടി കൊറേണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ പത്ത് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ പാലക്കാട് നാലു പേർക്കും കാസർഗോഡ് മൂന്ന് പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

Read Also: കോവിഡ്-19: ആറ് വ്യാജവാര്‍ത്തകള്‍ സൈബര്‍ ഡോമിന് കൈമാറി

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 603 ആയി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,601 ആയി. 3,259 പേരാണ് ഇതുവരെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 31 പേർ മരിച്ചു. 945 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ച് 232 പേർ മരിച്ചു.

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിർദേശം നൽകി. സംസ്ഥാനങ്ങൾക്കാണ് ഐസിഎംആർ നിർദേശം നൽകിയത്. പരിശോധനാഫലങ്ങളിൽ കൃത്യതയില്ലെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കേണ്ട എന്നു നിർദേശം നൽകിയിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഐസിഎംആർ വ്യക്തമാക്കി.

Read Also: സാറേ, ഇത് മുഖ്യമന്ത്രിക്ക് കൊടുക്കോ? ആരോടും പറയരുത്; പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി ലളിതമ്മ പറഞ്ഞു

“റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ വലിയ അന്തരം കാണുന്നുണ്ട്. രണ്ടു ദിവസത്തിനകം കിറ്റുകൾ പരിശോധിച്ചു വിലയിരുത്തും. അതിനുശേഷം കിറ്റുകൾ ഉപയോഗിക്കേണ്ടതിനെ കുറിച്ച് മാർഗനിർദേശം പുറത്തിറക്കും. രണ്ട് ദിവസത്തേക്ക് കിറ്റുകൾ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.” ഐസിഎംആർ വക്‌താവ് ആർ.ആർ.ഗംഗാഖേദ്‌കർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.