തൃശൂർ: ജില്ലയിലെ ജൂവലറികൾ തുറക്കാൻ അനുമതി. ലോക്ക്‌ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ പാലിച്ച് ജൂവലറികൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ജില്ലാ കലക്‌ടർ എസ്.ഷാനവാസാണ് ഇക്കാര്യം അറിയിച്ചത്.

ഒരു നിലയുള്ള ജൂവലറികൾക്ക് മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. ആൾക്കൂട്ടം പാടില്ല, അഞ്ചുപേരിൽ താഴെ ജീവനക്കാരെ മാത്രമേ അനുവദിക്കൂ, എസി പ്രവർത്തിപ്പിക്കരുത് തുടങ്ങിയ നിബന്ധനകൾ പാലിച്ചുവേണം ജൂവലറികൾ തുറക്കാവൂ. ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകളും തിങ്കളാഴ്‌ച മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഓഫീസുകളിൽ ആധാരം എഴുതാനായി ഒരാളിൽ കൂടുതൽ പാടില്ല.

Read Also: കരുതൽ കരങ്ങൾ; ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ആദ്യ ദൗത്യം വിജയകരം, ചിത്രങ്ങൾ കാണാം

നിലവിൽ ഗ്രീൻ സോണിലാണ് തൃശൂർ ജില്ല. ഇപ്പോൾ ജില്ലയിൽ കോവിഡ് രോഗികളില്ല. എങ്കിലും ചില നിയന്ത്രണങ്ങൾ ജില്ലയിൽ തുടരുന്നുണ്ട്. ആൾക്കൂട്ടം ചേരുന്ന ഒരു പരിപാടിയും ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിന്നും മുസ്‌ലിം പള്ളിയിൽ നിന്നും ലോക്ക്‌ഡൗണ്‍ ലംഘിച്ച് പ്രാർത്ഥനകൾ നടത്തിയവരെ അറസ്റ്റ് ചെയ്തിരുന്നു.

മൂന്നാം ഘട്ട ലോക്ക്‌ഡൗണ്‍ മേയ് 17 നാണ് അവസാനിക്കുക. അതിനുശേഷം നിയന്ത്രണങ്ങളിൽ എന്തെല്ലാം ഇളവുകൾ ഉണ്ടാകുമെന്ന് വ്യക്തമായിട്ടില്ല. ലോക്ക്‌ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. ലോക്ക്‌ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ചർച്ചയാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.