തൃശൂർ: ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂൺ 30 വരെ നിലവിലെ നിയന്ത്രണം തുടരും. തിരുക്കർമങ്ങൾ ഉണ്ടാകില്ല. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ, എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങൾ വ്യക്തിഗത പ്രാർത്ഥനകൾക്കായി തുറന്നിടാൻ തീരുമാനിച്ചിട്ടുണ്ട്. വിവാഹത്തിനു 50 പേരെയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകൾ എന്നിവയ്‌ക്ക് 20 പേരെയും മാത്രമാണ് അനുവദിക്കുക.

രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ മറ്റന്നാൾ മുതൽ പലയിടത്തും ആരാധനാലയങ്ങൾ തുറക്കും. സർക്കാർ നിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനാലയങ്ങൾ തുറക്കുകയെന്ന് തൃശൂർ അതിരൂപത അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് തൃശൂർ അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സർക്കാർ നിർദേശിച്ച പോലെ ജൂൺ ഒൻപതിനു മുൻപ് എല്ലാ പള്ളികളും അണുവിമുക്തമാക്കണമെന്ന് അതിരൂപത അധികൃതർ ഇടവകകൾക്ക് നിർദേശം നൽകി. കോവിഡ് ജാഗ്രതയെ കുറിച്ച് പ്രതിപാദിക്കുന്ന നോട്ടീസ് പള്ളികളിൽ സ്ഥാപിക്കണം. തിരുക്കർമങ്ങളിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സർക്കാർ നിർദേശം പാലിച്ചായിരിക്കും. വ്യക്തികൾ തമ്മിൽ ആറടി അകലം പാലിക്കണം. എത്ര വലിയ ദേവാലയമാണെങ്കിലും നൂറ് പേർ മാത്രമേ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ പാടൂ. 65 വയസിനു മുകളിലുള്ളവരും പത്ത് വയസിനു താഴെയുള്ളവരും രോഗലക്ഷണമുള്ളവരും ഗർഭിണികളും ദേവാലയത്തിൽ വരുന്നത് ഒഴിവാക്കണമെന്നും തൃശൂർ അതിരൂപതയുടെ സർക്കുലറിൽ പറയുന്നു.

Read Also: മോഷണം നടത്തിയത് അസമിലെ കാമുകിയുടെ അടുത്തേക്ക് പോകാൻ; വീട്ടമ്മയെ കൊന്ന ബിലാലിന്റെ മൊഴി

തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ മുൻകൂട്ടി നിശ്ചയിക്കണം. കുടുംബകൂട്ടായ്‌മകൾ വഴി ക്രമീകരണം കൊണ്ടുവരാം. ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നുള്ളവർ പള്ളിയിലേക്ക് എത്തരുത്. പള്ളിയിലേക്ക് എത്തുന്നവരുടെ പേരുവിവരം എഴുതി സൂക്ഷിക്കണം. പള്ളിയിൽ പ്രവേശിക്കുന്നതിനു മുൻപ് കെെകാലുകൾ വൃത്തിയാക്കണം. സാനിറ്റെെസർ ഉപയോഗിക്കണം. ചെരുപ്പുകൾ നിശ്ചിത അകലത്തിൽ പള്ളിയുടെ പുറത്ത് സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കണം.

പള്ളിയിലേക്ക് കയറുവാൻ ഒരു വാതിലും പുറത്തിറങ്ങാൻ മറ്റൊരു വാതിലും ആയിരിക്കണം ഉപയോഗിക്കേണ്ടത്. തിരുസ്വരൂപങ്ങൾ ചുംബിക്കരുത്, ഹന്നാൻ വെള്ളം ഉപയോഗിക്കരുത്. ഇടവകയിലെ ആളുകളുടെ എണ്ണം അനുസരിച്ച് കുർബാനകളുടെ എണ്ണം വർധിപ്പിക്കാൻ ഇടവക വികാരിക്ക് അധികാരമുണ്ട്. കൂദാശകളുടെ ഭാഗമായി പരസ്‌പരം സ്‌പർശിക്കരുത്. വിവാഹം, മൃതസംസ്‌കാരം തുടങ്ങിയവയ്‌ക്ക് നേരത്തെ നൽകിയ നിർദേശം പാലിക്കണം. പൊതുയോഗങ്ങൾ, തിരുനാളുകൾ, ഊട്ടുസദ്യ, കുടുംബകൂട്ടായ്‌മകൾ എന്നിവ നിർബന്ധമായും ഒഴിവാക്കണമെന്നും തൃശൂർ അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

Read Also: ഇന്ത്യയിൽ കോവിഡ് വ്യാപനം ഇനിയും രൂക്ഷമായേക്കും; മുന്നറിയിപ്പ്

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില മസ്‌ജിദുകൾ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ മുസ്‌ലിം ജമാ അത്ത് കമ്മിറ്റികളാണ് ഉടൻ പള്ളി തുറക്കേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്‌റാര്‍ മസ്‌ജിദും തുറക്കില്ല. എറണാകുളം ജില്ലയിലെ പള്ളികള്‍ തുടര്‍ന്നും അടിച്ചിടുമെന്ന് വിവിധ മുസ്‌ലിം ജമാഅത്തുകളുടെ യോഗത്തില്‍ തീരുമാനമായി. കോഴിക്കോട് മൊയ്‌തീൻ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദും കോവിഡ് പശ്ചാത്തലത്തില്‍ തുറക്കില്ല.

ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook