ന്യൂഡൽഹി: ലോക്ക്ഡൗണില്‍ പൊതുഗതാഗതത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ലെങ്കിലും ചികിത്സയ്ക്കായി അന്തര്‍സംസ്ഥാന യാത്രകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇത് കര്‍ണാടകവുമായി അതിര്‍ത്തി കടന്നുള്ള യാത്ര തര്‍ക്കമുള്ള കേരളത്തിന് ആശ്വാസമാകും. ഈ ആവശ്യത്തിന് അന്തര്‍-ജില്ലാ യാത്രയും അനുവദിച്ചിട്ടുണ്ട്.

ചികിത്സാ കാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഗതാഗത നിരോധനത്തില്‍ ഇളവ് അനുവദിക്കാമെന്ന് കേന്ദ്രം പുറത്തിറക്കിയ പുതിയ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ പറയുന്നു. എല്ലാ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കും പൊതു ഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിന്‍, മെട്രോ എന്നിവയ്ക്കുള്ള നിരോധനം തുടരും.

Read Also: ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ആശുപത്രി അനുബന്ധ സേവനങ്ങള്‍ എന്നിവര്‍ക്കും ആകാശമാര്‍ഗേണയടക്കം മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ട്.

കേരളത്തിന്റെ വടക്കയേറ്റത്തെ ജില്ലയായ കാസര്‍ഗോഡ് നിന്ന് ചികിത്സയ്ക്കായി ആളുകള്‍ കര്‍ണാടകയിലെ മാംഗ്ലൂരിലേക്ക് പോകുന്നത് തടയുന്നതിനായി കര്‍ണാടകം അതിര്‍ത്തിയിലെ റോഡുകള്‍ മണ്ണിട്ട് അടച്ചിരുന്നു. പത്തോളം കാസര്‍ഗോഡുകാര്‍ ചികിത്സ കിട്ടാതെ മരിച്ചിരുന്നു.

Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു

തുടര്‍ന്ന് സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കര്‍ണാടകം വഴങ്ങിയില്ല. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെടുകയും ദിവസങ്ങളോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ശന നിബന്ധനകളുമായി കര്‍ണാടകം കാസര്‍ഗോഡുനിന്നുള്ള രോഗികളെ കടത്തിവിടാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

ജില്ലയിലെ മാംഗ്ലൂര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ചികിത്സ തേടുന്നത് മാംഗ്ലൂരിലെ ആശുപത്രികളിലാണ്. ഏറ്റവുമടുത്തുള്ള ചികിത്സാ സൗകര്യങ്ങള്‍ എന്ന നിലയിലാണ് ആളുകള്‍ മാംഗ്ലൂരിലെ ആശുപത്രികളെ ആശ്രയിക്കുന്നത്. മാരക രോഗങ്ങള്‍ക്ക് തുടര്‍ ചികിത്സകള്‍ തേടുന്ന ധാരാളം രോഗികള്‍ കാസര്‍ഗോഡുണ്ട്.

Read Also: കോവിഡ്-19: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 3,000 ത്തിലേറെ പോസിറ്റീവ് കേസുകൾ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയാണ് കാസര്‍ഗോഡ്. കോവിഡ്-19 ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രം കര്‍ണാടകയിലേക്ക് കടത്തിവിടാന്‍ ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തെ അനുവദിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിർദേശം വന്നിരിക്കുന്നത്.

അതേസമയം, കേരളം തമിഴ്‌നാട്ടില്‍ നിന്നും ചികിത്സ തേടിയെത്തുന്നവരെ സ്വീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.