കൊച്ചി: കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിനു പിടിച്ചെടുത്ത വാഹനങ്ങൾ ഉപാധികളോടെ തൽക്കാലത്തേക്ക് വിട്ടുനൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. വാഹനങ്ങൾ പിഴ തുക കെട്ടിവെച്ച് ഉടമകൾക്ക് വിട്ടുകൊടുക്കാമെന്ന് കോടതി പറഞ്ഞു. വാഹന ഉടമകൾ സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ബോണ്ട് നൽകണം. ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ പകർപ്പും ഹാജാരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് വാഹനങ്ങൾ വിട്ടുനൽകാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.

ഇരുചക്ര-മുചക്ര വാഹനങ്ങൾ 1000 രൂപയും, നാലു ചക്രമുൾപ്പെടെയുള്ള ലൈറ്റ് വാഹനങ്ങൾ രണ്ടായിരവും മീഡിയം ഹെവി വാഹനങ്ങൾക്ക് നാലായിരവും, ഹെവി വാഹനങ്ങൾ അയ്യായിരം രൂപയും കെട്ടി വയ്ക്കണം. പണം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കണം.

Read Also: പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കില്ല; ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

മജിസ്‌ട്രേറ്റ് കോടതികൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് സ്വമേധയാ എടുത്ത കേസിലാണ് പിഴ ഈടാക്കി വാഹനം വിട്ടുകൊടുക്കാൻ കോടതി അനുമതി നൽകിയത്. വാഹനങ്ങൾ വിട്ടു നൽകിയത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ അതാത് എസ്‌എച്ച്‌ഒമാർ മജിസ്ട്രേറ്റുമാർക്ക് അയയ്ക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ നടപടികൾ കേസിന്റെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ലംഘിച്ചതിനു പിടികൂടിയ വാഹനങ്ങൾ സൂക്ഷിക്കുന്നതു വലിയ പ്രശ്‌നമായി മാറിയതുകൊണ്ട് വാഹനങ്ങൾക്ക് പിഴ മാത്രം നൽകിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങൾ പിഴയടയ്‌ക്കേണ്ടി വരും. ഇവരിൽ നിന്നു കനത്ത പിഴ ഈടാക്കുമെന്നും ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.