തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് പരിശോധന കൂടുതൽ കർശനമാക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. നാളെ പുതിയ മാർഗനിർദേശങ്ങൾ ലഭിക്കുംവരെ ഇപ്പോൾ ഉള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുമെന്നും ഡിജിപി പറഞ്ഞു. അതേസമയം, നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി ആവർത്തിച്ചു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.

Read Also: ‘അച്ഛാ അതല്ലേ എന്റെ അമ്മ’; 20 കൊല്ലം മുൻപുള്ള ഓർമകൾ പങ്കുവച്ച് കാളിദാസ്

രാജ്യത്ത് മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് പ്രഖ്യാപിച്ചത്. വ്യാഴാഴ്‌ച സംസ്ഥാന മന്ത്രിസഭായാേഗം ചേരുന്നുണ്ട്. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ ഇനി സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് മന്ത്രിസഭായോഗം ചർച്ച ചെയ്യും. ഏപ്രിൽ 20 നു ശേഷം കോവിഡ് ഗുരുതര സാഹചര്യം വിതക്കാത്ത സ്ഥലങ്ങളിൽ ഇളവ് അനുവദിക്കാമെന്നാണ് കേന്ദ്ര നിലപാട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളെ ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. ഏഴ് ജില്ലകളിൽ ആശ്വസിക്കാൻ വകയുണ്ടെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറയുന്നത്.

Read Also: ലോക്ക്ഡൗണ്‍: മേയ് മൂന്ന് വരെ വിമാന, ട്രെയിൻ സർവീസുകളില്ല

ഏപ്രിൽ 20 വരെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ എങ്ങനെയെന്ന് നിരീക്ഷിക്കുമെന്നും സ്ഥിതി മെച്ചപ്പെട്ട ഇടങ്ങളിൽ ലോക്ക്ഡൗണ്‍ ഇളവുകൾ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏപ്രിൽ 19 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്നു രാവിലെ പത്തിനു രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോൾ ആണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. “ഏപ്രിൽ 20 വരെ ജില്ലകൾ എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ നിരീക്ഷിക്കും. സ്ഥിതി മെച്ചപ്പെടുന്ന സ്ഥലങ്ങളിൽ കുറച്ച് ഇളവുകൾ വരുത്തും,” സ്ഥിതിഗതികൾ പിന്നീട് വഷളായാൽ ഇളവുകൾ റദ്ദാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.