/indian-express-malayalam/media/media_files/2025/12/09/local-body-election-1-phase-2025-12-09-08-24-31.jpg)
എറണാകുളം ജില്ലയിലെ പോളിങ് ബൂത്തിൽ നിന്നുള്ള ദൃശ്യം ( Photo credit PRD)
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ട പോളിങ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.
Also Read:കൊട്ടിക്കയറി കൊട്ടിക്കലാശം; അവസാനവട്ട ഓട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ
ചൊവ്വാഴ്‌ച രാവിലെ ആറിന് പോളിങ് ബൂത്തുകളില്‍ മോക് പോളിങ് നടത്തും. തുടർന്ന് ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫർമാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
ഒന്നാംഘട്ടത്തിൽ ഏഴ് ജില്ലകളിലായി 62.51 ലക്ഷം പുരുഷന്മാരും 70.32 ലക്ഷം സ്ത്രീകളും 126 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1.32 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,293 പ്രവാസി വോട്ടർമാരും നാളെ വോട്ട് ചെയ്യും. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങി വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് തിരിച്ചു.
സജ്ജീകരണങ്ങൾ
ഏഴ് ജില്ലകളിലായി 15,432 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക സൗകര്യമുണ്ടായിരിക്കും. സംസ്ഥാനത്താകെ പ്രശ്നബാധിത ബൂത്തുകളായി ജില്ലാ കലക്ടർമാർ കണ്ടെത്തിയ 2,535 ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടെ ചെലവിൽ ആവശ്യമായ ബൂത്തുകളിൽ വിഡിയോഗ്രഫിയും അനുവദിക്കും.
Also Read:ഭരണം നിലനിർത്താൻ എൽഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി യുഡിഎഫും എൻഡിഎയും; തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം
ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാർക്ക് പോളിങ്ങിന് അൽപം സമയക്കൂടുതലെടുക്കും. ഇവിടെ ഇവിഎമ്മിൻ്റെ മൂന്ന് ബാലറ്റ് യൂണിറ്റുകളാണ് വോട്ടിങ് കമ്പാർട്ട്മെൻ്റിൽ ഉണ്ടാവുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വോട്ടർമാർ വോട്ട് രേഖപ്പെടുത്തണം. ഇവിടെ ഇവിഎമ്മിന് കൺട്രോൾ യൂണിറ്റ് ഒന്നു മാത്രമേ കാണൂ. കോർപ്പറേഷനിലും നഗരസഭകളിലും വോട്ടർമാർക്ക് ഒറ്റ വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ.
വോട്ടെടുപ്പിൻറ രണ്ടാം ഘട്ടം വ്യാഴാഴ്ച
വോട്ടെടുപ്പിൻറെ രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലേക്കുള്ള വോട്ടെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്. ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
സംസ്ഥാനത്തെ സംസ്ഥാനത്തെ 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും 14 ജില്ലാ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്താകെ 75,644 സ്ഥാനാര്‍ഥികളാണ് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ജനവിധി തേടുന്നത്.
Also Read:ആര് കാക്കും കോഴിക്കോടൻ കോട്ട ?
ഇതില്‍ 39,609 സ്ത്രീകളും 36,034 പുരുഷന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ജനവിധി തേടുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ നിന്നുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി ജനവിധി തേടുന്നത്.
ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലേക്ക് ആകെ മത്സരിക്കുന്നത് 55,430 സ്ഥാനാര്‍ഥികളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 7,108 സ്ഥാനാര്‍ഥികളും 87 മുനിസിപ്പാലിറ്റികളിലേക്ക് 10,031 സ്ഥാനാര്‍ഥികളും ആറ് കോര്‍പ്പറേഷനുകളിലേക്ക് 18,00 സ്ഥാനാര്‍ഥികളും 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1274 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.
Read More: കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us