/indian-express-malayalam/media/media_files/2025/12/11/wayanad-ele-updates-2025-12-11-14-42-47.jpg)
ചൂരൽമല-മുണ്ടക്കൈ നിവാസികൾ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ ( ഫൊട്ടൊ-പിആർഡി)
കൽപ്പറ്റ: ദുരന്തപെയ്ത്തിൽ എല്ലാം തകർന്നടിഞ്ഞ ഭൂമിയിൽ അവർ വീണ്ടുമെത്തി. തങ്ങളുടെ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന, കണ്ണീർ ഭൂമിയിൽ കാതങ്ങൾ താണ്ടി ഇത്തവണ അവർ എത്തിയത് തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാനാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വാർഡ് വിഭജനം നടത്തി പുനർനിർണയിച്ച മുണ്ടക്കൈ-ചൂരൽമല വാർഡിലാണ് ഇത്തവണ പ്രദേശവാസികൾ വോട്ടുചെയ്തത്.
Also Read:രണ്ടാം ഘട്ടത്തിൽ കളി മാറി; പോളിങ് കുതിച്ചുയരുന്നു, നെഞ്ചിടപ്പോടെ മുന്നണികൾ
ദുരന്തബാധിതരായ വോട്ടർമാർക്ക്, അവർ താമസിക്കുന്ന വിവിധ സ്ഥലങ്ങളിൽനിന്ന് പോളിങ് ബൂത്തിലേക്ക് എത്താനായി ജില്ലാ കലക്ടർ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം 11-ഉം 12-ഉം വാർഡുകൾ കൂട്ടിച്ചേർത്താണ് മുണ്ടക്കൈ-ചൂരൽമല (വാർഡ് 11) ആയി പുനർനിർണയിച്ചത്. രണ്ട് ബൂത്തുകൾ ആണ് വോട്ട് ചെയ്യാനായി ഇവിടെ ഒരുക്കിയത്.
നേരത്തെ മുണ്ടക്കൈ സ്‌കൂളായിരുന്നു പോളിങ് സെന്റർ. എന്നാൽ സ്‌കൂൾ തകർന്നതോടെ പോളിങ് സ്റ്റേഷനുകൾ സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരീഷ് ഹാൾ, നൂറുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിലേക്ക് മാറ്റി. 2025 നവംബർ 14-ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 2254 പേർക്കാണ് സമ്മതിദാന അവകാശമുള്ളത്.
നീലിക്കാപ്പിലുള്ള ചർച്ച് ഹാൾ ബൂത്തിൽ 1226 വോട്ടർമാരാണുള്ളത്. അതിൽ 618 പേർ സ്ത്രീകളും 606 പേർ പുരുഷന്മാരുമാണ്. ചൂരൽമല ടൗണിലെ മദ്രസ ബൂത്തിൽ 1028 വോട്ടർമാരാനുള്ളത്. അതിൽ 527 പേർ പുരുഷന്മാരും 501 പേർ സ്ത്രീകളുമാണ്.
മുമ്പ് 980 കുടുംബങ്ങളുണ്ടായിരുന്ന ഇവിടെ നിലവിൽ 270 കുടുംബങ്ങൾ മാത്രമാണുള്ളത്. പുതിയ വോട്ടർമാരും അയൽ വാർഡുകളിൽ നിന്നുള്ള വോട്ടർമാരും കൂടിച്ചേർന്നതാണ് പുതിയ പട്ടിക. മരിച്ചവരും കാണാതായവരും പുതിയ പട്ടികയിൽ ഉണ്ടെന്ന പരാതി സ്ഥാനാർഥികൾ ഉന്നയിക്കുന്നുണ്ട്.
Also Read:വോട്ട് രേഖപ്പെടുത്തി പ്രമുഖർ; പ്രതീക്ഷയോടെ മുന്നണികൾ
ചൂരൽമലയിൽനിന്ന് 154 കിലോമീറ്റർ അകലെ പാലക്കാട് മുണ്ടൂരിൽ വാടകവീട്ടിൽ കഴിയുന്ന ദുരന്തബാധിതരുണ്ട്. വയനാട്ടിൽ തന്നെ 54 കിലോമീറ്റർ അകലെ പുൽപള്ളി, 52 കിലോമീറ്റർ അകലെ മാനന്തവാടി, ബത്തേരി, ചുണ്ട, അറപ്പറ്റ, കുന്നമ്പറ്റ, കൽപ്പറ്റ കോഴിക്കോട് താമരശ്ശേരി തുടങ്ങി പല ഭാഗങ്ങളിലും വോട്ടർമാർ താമസിക്കുന്നുണ്ട്. ജില്ലാ അതിർത്തിയും കടന്ന് 33 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ ചേരമ്പാടിയിലും ദുരന്ത ബാധിതർ താമസിക്കുന്നുണ്ട്.
നിലവിൽ യുഡിഎഫ് ജയിച്ച മുണ്ടക്കൈ ചൂരൽ മലയിൽ മുസ്ലിംലീഗിൽ നിന്ന് മൻസൂർ ആണ് മത്സരിക്കുന്നത്. കെ കെ സഹദാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ രംഗത്തിറങ്ങിയിരിക്കുന്നത്. ഉരുൾപൊട്ടലിൽ അമ്മയടക്കം 11 ബന്ധുക്കളെ നഷ്ടമായ വിജയനാണ് ബിജെപി സ്ഥാനാർഥി.
Read More:വിശ്വാസികളുടെ പിന്തുണ സർക്കാരിനുണ്ട്; പോളിങ് ദിനത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us